merinjoy-murder

ഫ്ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിൻ ജോയിയുടെ ഘാതകൻ ഭർത്താവ് ഫിലിപ്പ് മാത്യു വധശിക്ഷ അർഹിക്കുന്ന കുറ്റമാണ് ചെയ്‌തതെന്ന് പ്രോസിക്യൂഷൻ. നീചവും കരുതിക്കൂട്ടിയുള്ളതുമായ കൊലപാതകമാണ് ഇതെന്ന് സ്റ്റേറ്റ് അറ്റോർണി മൈക്കൽ സാറ്റ്‌സ് കോടതിയിൽ സമർപ്പിച്ച കത്തിൽ വിശദമാക്കുന്നു. മുൻകൂട്ടി പദ്ധതിയിട്ട അതിക്രൂരവും, പൈശാചികവുമായ കൊലപാതകമാണ് നടന്നത്. കൊവിഡ് മൂലം കേസ് വിചാരണ തുടങ്ങാൻ ഗ്രാൻഡ് ജൂറിയെ നിയമിക്കുവാൻ സ്റ്റേറ്റ് അറ്റോർണി ഓഫീസിന് ഇതു വരെ കഴിഞ്ഞിട്ടില്ല.

അമേരിക്കയിൽ നഴ്‌സായി ജോലി നോക്കിയിരുന്ന മെറിൻ ജോയിയെ ജൂലായ് 28ന് രാവിലെയാണ് ഭർത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫ്ളോറിഡ കോറൽ സ്‌പ്രിംഗ്സി‌ലെ ആശുപത്രിയിൽനിന്ന് രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭർത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവിനെ (നെവിൻ) ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കുറ്റം ചുമത്തിയ ഫിലിപ്പ് ഇപ്പോൾ യു.എസിലെ ബ്രൊവാഡ് കൗണ്ടി ജയിലിലാണ്. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്,‌ മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ. ഫിലിപ്പിന്റെയും മെറിന്റെയും മകൾ നോറ ഇപ്പോൾ ജോയിക്കും മേഴ്സി‌ക്കും ഒപ്പമാണ്.