ന്യൂഡൽഹി: ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ അതിക്രമിച്ച് കടന്നുളള ചൈനീസ് പ്രകോപനം പ്രതിരോധിക്കാനും ചൈനീസ് പട്ടാളത്തെ പഴയ ഇടങ്ങളിലേക്ക് മടക്കാനും പുതുവഴികൾ തേടി കേന്ദ്ര സർക്കാർ. ലഡാക്കിലെ ഗോഗ്ര ഹോട്ട് സ്‌പ്രിംഗ്സിലും പാങ്‌ഗോംഗ് ത്സോയിലും പിന്മാറി എന്നവകാശപ്പെടുന്നുണ്ടെങ്കിലും ചൈനീസ് പട്ടാള സാന്നിദ്ധ്യം അവിടെ ഇപ്പോഴുമുണ്ട്. ഇന്ത്യയുമായി നയതന്ത്ര ബന്ധം ശക്തമാക്കുമെന്ന് പുറമേ പറയുകയും എന്നാൽ ഇന്ത്യ-ചൈന പോരാട്ടമുണ്ടായ പാങ്‌ഗോംഗ് ത്സോയിലെ ഫിംഗർ 4ൽ നിന്നും തങ്ങളുടെ സൈന്യത്തെ പിൻവലിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് നയതന്ത്ര രംഗത്ത് ചൈന പ്രകടമാക്കുന്നത്. ഫിംഗർ 3ൽ നിന്ന് ഫിംഗർ 8 വരെയുളള ഭാഗത്ത് ഇപ്പോഴും ചൈനക്ക് സാന്നിദ്ധ്യമുണ്ട്. ഫിംഗർ 4ന്റെ കുറച്ച് ഭാഗത്ത് നിന്ന് മാത്രമാണ് ചൈനീസ് സേന പിന്മാറിയത്.
ഗോഗ്ര ഹോട്ട് സ്‌പ്രിംഗ്സിലും കോംഗ്‌കാ ലായിലും സ്ഥിതി മാറ്റമില്ല. ഇവിടെ അടുത്തുളള കുഗ്രാംഗ് നദിതീരം വരെ പിടിച്ചെടുക്കാനാണ് ചൈനീസ് സേനയുടെ ശ്രമം. ഇതിനായി ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുളള ചൈനീസ് ശ്രമം വിജയിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ചൈനയുടെ നയങ്ങൾ ഇന്ത്യൻ സർക്കാർ അംഗീകരിക്കണം എന്നതാണ് അവരുടെ നിലപാട് അത് ഒരിക്കലും അവുവദിക്കില്ലെന്ന് ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആഴ്‌ച ആദ്യം ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ഉദ്ദേശിക്കുന്നത് എന്ന് ചൈനീസ് വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ലഡാക്കിലെ ചൈനയുടെ പ്രവൃത്തികൾ സംസാരവുമായി ഒരു തരത്തിലും ബന്ധമുളളവയല്ല. ചൈനീസ് സൈന്യത്തിന് ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സേന സർവ്വ സജ്ജമാണ്. ലഡാക്കിലെ കൈയേറ്റങ്ങൾ അംഗീകരിക്കാൻ സേനയ്‌ക്ക് കഴിയില്ല. എന്നാൽ ചൈന ശ്രമിക്കുന്നത് പോലെ ഒരു പ്രകോപനത്തിന് ഇന്ത്യൻ സേന തയ്യാറല്ല. സെക്രട്ടറി തല ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ നടക്കാനിരിക്കെ ചൈനീസ് നീക്കങ്ങളെ തടയാൻ തന്നെയാണ് ഇന്ത്യയുടെ ഉറച്ച തീരുമാനം.