വയോജനങ്ങൾക്കും, രോഗികൾക്കും, അംഗവൈകല്യമുള്ളവർക്കും കൂടി സേവനം നൽകുന്ന ട്രഷറി, ബാങ്ക്, രജിസ്‌ട്രേഷൻ ഓഫീസ് എന്നീ സ്ഥാപനങ്ങൾ കെട്ടിടങ്ങളുടെ മുകൾ നിലകളിൽ പ്രവർത്തിക്കുന്നത് കാരണം വയോജനങ്ങൾ അനുഭവിക്കുന്ന ക്ളേശം പറഞ്ഞറിയിക്കാനാകാത്തതാണ്. വയോജനങ്ങളുടെ ശാരീരിക അവശതകളും ബുദ്ധിമുട്ടുകളും പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.
സർക്കാർ വക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ട്രഷറികളും രജിസ്‌ട്രേഷൻ ഓഫീസുകളെങ്കിലും അടിയന്ത രമായി മാറ്റി ക്രമീകരിക്കാൻ അധികൃതർ തയാറാകണം.നഗരങ്ങളിൽ മുകൾ നിലകളിൽ പ്രവർത്തിക്കുന്ന പ്രസ്തുത സ്ഥാപനങ്ങളിലെത്താൻ ലിഫ്റ്റ് ഉണ്ടായിരിക്കാം. എന്നാൽ ഗ്രാമപ്രദേശങ്ങളിലും, ചെറുപട്ടണങ്ങളിലെയും അവസ്ഥ അതല്ലെന്നോർക്കണം.
തലസ്ഥാന നഗരിയിലെതന്നെ കാര്യമെടുക്കുക. സെക്രട്ടറിയേറ്റിന്റെ തെക്കുവശത്തുള്ള പ്രധാന ട്രഷറി ബാങ്ക് പ്രവർത്തിക്കുന്നത് രണ്ടാമത്തെ നിലയിലാണ്. അതുപോലെ തന്നെയാണ് വെള്ളയമ്പലത്തെ ട്രഷറി ബ്രാഞ്ചും. ഇതേ അവസ്ഥയിലാണ് കിഴക്കേകോട്ടയിലെ ട്രാൻസ്‌പോർട്ടു ഭവനിന്റ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന രജിസ്ട്രാർ ഓഫീസും.
കേരളത്തിന്റെ പല സ്ഥലങ്ങളിലുമുള്ള ട്രഷറികളും, രജിസ്ട്രാർ ഓഫീസുകളും പ്രവർത്തിക്കുന്നത് ഇങ്ങനെ തന്നെയാണ്. ഇതിനായി പുതിയ കെട്ടിടങ്ങൾ പണിയാൻ ആവശ്യപ്പെടുന്നതും ശരിയല്ലെന്നറിയാം . എന്നാൽ വയോജനങ്ങൾക്കും, അംഗപരിമിതർക്കും, ആരോഗ്യ പ്രശ്നമുള്ളവർക്കും വന്നെത്താൻ സൗകര്യമുള്ള, സ്ഥലങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട മന്ത്രിമാർ മുൻകൈയടുക്കണം.
പല സ്ഥലങ്ങളിലും ഇറിഗേഷൻ, വകുപ്പു പോലുള്ള സ്ഥാപനങ്ങളുടെ, ഓഫീസുകളും, ക്വാർട്ടേഴ്സും ഉപയോഗശൂന്യമായി കിടപ്പുണ്ട്.ഉദാഹരണത്തിന് തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ വാട്ടർ വർക്സ് കോമ്പൗണ്ടുതന്നെ. ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ എടുത്ത ഉദ്യോഗസ്ഥർ ''തന്നെയാവും, പെൻഷൻ വാങ്ങാൻ,പടികളിൽ പിടിച്ച് കിതച്ചു കയറി എത്തുന്നത്.
ഇനിയെങ്കിലും വയോജനങ്ങളെക്കരുതി ഉചിത തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കാമോ? അതോ ഓൺലൈനാകുമെന്നും, പെൻഷൻ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുമെന്നുമുള്ള , അടുത്ത കാലത്തൊന്നും നടക്കാനിടയില്ലാത്ത ഒഴിവ് കഴിവായിരിക്കുമോ കേൾക്കേണ്ടി വരിക.
വി.ശശികുമാർ
ഫോൺ: 9447057788