sreerama-krishnan

തിരുവനന്തപുരം: തനിക്കെതിരെയുള്ള യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം നിലനിൽക്കില്ലെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കർക്കെതിരായ അവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. അവിശ്വാസപ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

നിയമസഭാ സമ്മേളനം 24ന് തീരുമാനിച്ചതോടെയാണ് സർക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചത്. 24ന് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഉള്ളതിനാൽ എം.എൽ.എമാർക്കെല്ലാം തിരുവനന്തപുരത്ത് എത്തേണ്ടതിനാലാണ് അന്നു തന്നെ സഭയും വിളിച്ചത്.

സ്വർണക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടത് വഴി സ്പീക്കർ പദവിയുടെ മഹിമ നഷ്ടപ്പെടുത്തിയെന്ന ആരോപണമാണ് പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്.

എം.എൽ.എമാരായ വി.ഡി സതീശനും എം.ഉമ്മറുമാകും സർക്കാരിനും സ്പീക്കർക്കുമെതിരെ നോട്ടീസ് നൽകുക എന്നാണ് സൂചന. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരെയുള്ള ആക്ഷേപങ്ങളുടെ പേരിലാണ് അവിശ്വാസ നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിനായി എം.വി ശ്രേയാംസ്‌കുമാറും (എൽ.ഡി.എഫ്) ലാൽ വർഗീസ് കൽപകവാടിയും (യു.ഡി.എഫ്) പത്രിക നൽകി. 24ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണു വോട്ടിംഗ്. കൊവിഡ് ലക്ഷണമുള്ളവർക്ക് 4 മുതൽ 5 വരെ വോട്ട് ചെയ്യാം.