വിശാഖപട്ടണം: സ്വത്തുതർക്കത്തെത്തുടർന്ന് മകനെ അച്ഛൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീരരാജുവാണ് നാൽപ്പതുകാരനായ മകൻ ജൽരാജുവിനെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
കാർപോർച്ചിൽ പിൻതിരിഞ്ഞിരുന്ന് ജോലിചെയ്യുന്ന ജൽരാജുവിന്റെ പിന്നിലൂടെ എത്തിയാണ് വീരരാജു ആക്രമിച്ചത്. ചുറ്റികൊണ്ട് നിരവധി തവണ തലയ്ക്ക് ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തറയിലേക്ക് വീഴുന്ന മകന്റെ തലയിൽ വീരരാജു വീണ്ടും വീണ്ടും ആഞ്ഞടിക്കുന്നതും രക്തം പരന്നൊഴുകുന്നതും കാണാം. മകൻ വീണുകിടക്കുന്നത് അല്പനേരം നോക്കിനിന്നശേഷം പുറത്തേക്കുപോകുന്ന വീരരാജു തിരിച്ചെത്തി വീണ്ടും തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതിലുണ്ട്. മരണം ഉറപ്പാക്കിയശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങിയത്. വീരരാജുവിനെ റിമാൻഡുചെയ്തു.
ഇവരുവരും തമ്മിൽ ഏറെ നാളായി സ്വത്തിന്റെ കാര്യത്തിൽ തർക്കമുണ്ടായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.