തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ ഫേസ്ബുക്കിനോട് വിവരങ്ങൾ തേടി പൊലീസ്. ടി.ജെ.ജയജിത്, വിനീത് വി.യു, കണ്ണൻ ലാൽ എന്നിവരുടെ അക്കൗണ്ട് വിവരങ്ങൾ തേടിയാണ് ഫേസ്ബുക്കിന് കത്ത് നൽകിയത്. ഇവർ ലൈംഗികച്ചുവയുള്ള സന്ദേശം പ്രചരിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സന്ദേശങ്ങൾ പ്രചരിപ്പിച്ച കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാദ്ധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പോസ്റ്റുകൾ ലൈംഗിക ചുവയോടെയുളളതാണെന്നും അപകീർത്തികരമെന്നും മാനഹാനിയുണ്ടാക്കുന്നതെന്നും ഡി.ഐ.ജി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ വലിയ സൈബർ ആക്രമണമാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായത്.
വനിതാമാദ്ധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കെതിരെ വരെ സൈബർ ഇടങ്ങളിൽ നിന്നും ആക്രമണമുണ്ടായി. കേരള പത്രപ്രവർത്തക യൂണിയന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്തത്. ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാർ ഗുരുഡിൻ അന്വേഷണ ചുമതലയേറ്റെടുക്കുകയായിരുന്നു. ഹൈടെക് സെല്ലിന്റേയും സൈബർ ഡോമിന്റെയും സഹായത്തോടെയാണ് അന്വേഷണം.