ന്യൂഡൽഹി: ലഡാക്കിലും പാക് അതിർത്തികളിലും അനിശ്ചിതത്വം നിലനിൽക്കെ സേനയുടെ കരുത്ത് ഉറപ്പിച്ച് കരസേനാ മേധാവി. പടിഞ്ഞാറൻ എയർ കമാന്റിന്റെ മുൻനിര എയർബേസിൽ സന്ദർശനം നടത്തിയ വായുസേനാ മേധാവിയായ ആർ.കെ.എസ് ഭദൗരിയ വിവിധ വായുസേന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റഷ്യൻ നിർമ്മിത സിംഗിൾ സീറ്രർ ഒറ്റ എഞ്ചിൻ യുദ്ധവിമാനമായ മിഗ്-21 ബൈസൺ ഭദൗരിയ പറത്തി. അങ്ങനെ സർവ്വസജ്ജമാണ് സേന എന്ന സന്ദേശം മറ്റ് രാജ്യങ്ങൾക്ക് അദ്ദേഹം നൽകി.
മികച്ച ഒരു ടെസ്റ്റ് പൈലറ്രായ ഭദൗരിയ എച്ച്.എ.എൽ നിർമ്മിച്ച എച്ച്ടിടി-40 ട്രെയിനർ വിമാനവും തേജസ് യുദ്ധവിമാനവും പറപ്പിച്ചിട്ടുണ്ട്. റാഫേൽ വിമാനങ്ങൾ സ്വീകരിക്കുന്ന ചടങ്ങിൽ അംബാലയിലും അദ്ദേഹം പോയിരുന്നു.
1971ലെ പാകിസ്ഥാനുമായുളള യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുളളവയാണ് മിഗ് വിമാനങ്ങൾ. കഴിഞ്ഞയാഴ്ച വായുസേന വൈസ് ചീഫ് മാർഷലായ ഹർജിത് സിംഗ് അറോറ യഥാർത്ഥ നിയന്ത്രണ രേഖയിലുൾപ്പടെ വിവിധ വായുസേന കേന്ദ്രങ്ങളിൽ സന്ദർശിച്ച് സേന സജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന എയർ സ്ട്രിപ്പായ ദൗലത്ത് ബാഗ് ഓൾഡിയിലും സിംഗ് അന്ന് സന്ദർശനം നടത്തിയിരുന്നു.
ജൂൺ മാസത്തിൽ ലഡാക്കിലും ശ്രീനഗറിലുമുളള വായുസേന എയർബേസുകളിൽ ആർ.കെ.എസ്.ഭദൗരിയ സന്ദർശനം നടത്തി പൂർണ സജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. മാത്രമല്ല സുഖോയ്, ജാഗ്വാർ, മിറാഷ് 2000 മാതൃകയിലെ യുദ്ധവിമാനങ്ങൾ ഇവിടെ പൂർണതോതിൽ സജ്ജമാക്കി നിർത്തുകയും ചെയ്തു. ഇതിലൂടെ മേഖലയിലെ ചൈനയുടെ നീക്കങ്ങൾ പൂർണമായി നിരീക്ഷിക്കാനും വായുസേനക്കായി. അപാച്ചെ, ചിനൂക്ക് ഹെലികോപ്റ്ററുകളും ഇവിടെ സേവനത്തിനുണ്ട്.