
ചൈനയിൽ 11 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരവും ഒരു പ്രധാന ഗതാഗത കേന്ദ്രവുമാണ് വുഹാൻ. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരവും വുഹാനാണ്. എന്നാൽ, അടുത്തകാലത്ത് കൊവിഡിലൂടെയാണ് വുഹാൻ ലോകശ്രദ്ധയിലേക്ക് വീണ്ടുമെത്തിയത്. കാരണം ലോകരാജ്യങ്ങളെയൊന്നാകെ വിറപ്പിച്ച കൊവിഡ് മഹാമാരിയുടെ തുടക്കം വുഹാനിൽ നിന്നായിരുന്നു. വന്യമൃഗങ്ങളുടെ ഇറച്ചിയും ജീവനുള്ള പക്ഷികളെയുമൊക്കെ വിറ്റിരുന്ന വുഹാൻ ഹ്വാനനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് സംശയം.
രോഗം പടർന്നതോടെ വുഹാനിൽ കർശന നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം ഏർപ്പെടുത്തിയത്. അവിടെ നിന്ന് പടർന്ന വൈറസിനെ പ്രതിരോധിക്കാൻ ലോകമൊന്നാകെ പൊരുതുമ്പോൾ വുഹാനിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്..?
തുടക്കത്തിൽ രോഗ വ്യാപനം ഉണ്ടായി അറുപത് ദിവസങ്ങൾക്കുള്ളിൽ വുഹാൻ തിരിച്ചുവരവ് നടത്തിയിരുന്നു. കർശന നിയന്ത്രണങ്ങളോടെ ഏർപ്പെടുത്തിയ ലോക്ക് ഡൗണാണ് വുഹാനെ രോഗമുക്തിയിലേക്ക് കൈ പിടിച്ചുയർത്തിയത്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. അങ്ങനെ കൊവിഡിനെ കെട്ടുകെട്ടിച്ച് പഴയതുപോലെ തിരിച്ചുവരവിന്റെ പാതയിലാണ് വുഹാൻ. ഇടയ്ക്ക് വീണ്ടും രോഗം പടർന്നെങ്കിലും അത് വലിയ തോതിൽ വ്യാപിക്കാതെ നോക്കാൻ ഭരണകൂടത്തിന് കഴിഞ്ഞു.
എങ്ങും മുന്നറിയിപ്പ് ബോർഡുകൾ
ചൈനയിലെ വലിയ കച്ചവട കേന്ദ്രമായ വുഹാനിലെ മാർക്കറ്റുകളെല്ലാം പഴയതിലും ഉഷാറായി പ്രവർത്തനം തുടങ്ങി. അതിനൊപ്പം മിക്ക കടകൾക്കും മുമ്പിൽ മുന്നറിയിപ്പ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. വന്യമൃഗങ്ങളുടെ ഇറച്ചിയും ജീവനുള്ള പക്ഷികളെയും വിറ്റിരുന്ന വുഹാൻ ഹ്വാനനിലെ വെറ്റ് മാർക്കറ്റിൽ ഇത്തരം ഇറച്ചികൾ വിൽക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകളിൽ ഇതും വ്യക്തമാക്കിയിട്ടുണ്ട്. വുഹാനിലെ മാർക്കറ്റുകളിൽ തവള, ആമ തുടങ്ങിയവയൊക്കെ വിൽക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അത്തരം വിൽപ്പനയൊന്നുമില്ല. അധികൃതരാണെങ്കിൽ കടുത്ത ജാഗ്രതയിലുമാണ്. കൊവിഡിനെ ഇനിയും വുഹാനിലേക്ക് കടത്തിലെന്ന വാശിയിലാണ് അധികൃതർ. അതിനായി വുഹാനിലേക്ക് വരുന്ന മത്സ്യം ഉൾപ്പെടെയുള്ളവയെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. വുഹാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷണ വസ്തുക്കളിൽ വൈറസിന്റെ സാന്നിദ്ധ്യമുണ്ടോയെന്ന സംശയവും അധികൃതർക്കുണ്ട്. അതിനാൽതന്നെ ചെമ്മീനും കോഴിയിറച്ചിയുമടക്കം കർശന പരിശോധനയ്ക്ക് അധികൃതർ വിധേയമാക്കുന്നുണ്ട്. മഹാമാരിയിൽ വിറച്ച വുഹാൻ നഗരത്തിൽ പ്രളയ ഭീഷണിയും ഉയർന്നിരുന്നു. വുഹാൻ നഗരത്തിന് സമീപത്ത് കൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്സി കരകവിഞ്ഞ് ഒഴുകിയതാണ് വുഹാന് വീണ്ടും തിരിച്ചടിയായത്. അതിനെയും അതിജീവിക്കാൻ വുഹാൻ അധികൃതർക്കായി എന്നതാണ് അവിടത്തെ ജനതയ്ക്ക് ആശ്വാസം നൽകുന്നത്.