kaumudy-news-headlines

1. കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുത്ത മലപ്പുറം ജില്ലാകളക്ടര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കളക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായത്. കളക്ടര്‍ കൂടാതെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളകേ്ടറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സമ്പര്‍ക്ക പെട്ടികയില്‍ ഉണ്ടെന്നാണ് വിവരം. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന കളക്ടര്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ പോയിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാനും നേരത്തെ രോഗം ബാധിച്ചിരുന്നു. മലപ്പുറത്ത് ഇന്നലെ 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടം അറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയും ആണ് രോഗബാധ.


2. രാജമല പെട്ടിമുടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 56 ആയി. അപകടം നടന്ന് എട്ടാം ദിവസമാണ് ഇന്ന്. ഇനിയും കണ്ടെത്താന്‍ ഉള്ളത് 14 പേരെയാണ്. കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘം. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധനയും തുടരുന്നു. ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു.
3. സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യ കുറ്റം ചെയ്തതായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമര്‍ശിച്ച് കൊണ്ടുള്ള ട്വീറ്റുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. പ്രശാന്ത് ഭൂഷണു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേള്‍ക്കും എന്ന്, കേസില്‍ വിധി പ്രസ്താവം നടത്തിക്കൊണ്ട് ജസ്റ്റിസ് ബി.ആര്‍ ഗവായി പറഞ്ഞു. ജസ്റ്റിസ് ഗവായിയെ കൂടാതെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
4അറബ്-ഇസ്രയേല്‍ ബന്ധത്തില്‍ ചരിത്രം കുറിച്ച് പരമ്പരാഗത വൈരികളായ ഇസ്രയേലുമായി യു.എ.ഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആണ് നിര്‍ണായക ചുവടുവയ്പ്പിന് കാരണമായത്. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം എന്നതാണ് യുഎഇ മുന്നോട്ടുവച്ചിട്ടുള്ള മുഖ്യ ഉപാധി. അതേസമയം തീരുമാനത്തില്‍ പ്രതിഷേധിച്ച് യു.എ.ഇയിലെ അംബാസിഡറെ പലസ്തീന്‍ മടക്കി വിളിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു
5. ഈജിപ്തിനും ജോര്‍ദാനും ശേഷം മറ്റൊരു അറബ് രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനും നേട്ടമാണ് എങ്കിലും വെസ്റ്റ്ബാങ്കിലെ അധിനിവേശം അവസാനിപ്പിക്കണം എന്ന ഉപാധി പ്രായോഗികം ആക്കുക അദ്ദേഹത്തിന് എളുപ്പമാവില്ല. അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധം കൂടുതല്‍ മെച്ചപ്പെടും എന്നാണ് പ്രസിഡന്റ് ട്രംപിന്റെ പ്രതീക്ഷ. വെസ്റ്റ് ബാങ്കില്‍ കുടിയേറിയിട്ടുള്ള ഇസ്രയേലികള്‍ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. അതേസമയം, ഗള്‍ഫ് മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്ന് ബദ്ധ വൈരികള്‍ക്ക് കൈ കൊടുത്തതില്‍ പലസ്തീനും അസ്വസ്ഥരാണ്
6. ശ്രീനഗറില്‍ പൊലീസ് വാഹന വ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ശ്രീനഗറിന് സമീപമുള്ള നൗഗാമില്‍ ആണ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നൗഗാം ബൈപാസിന് സമീപത്തു വച്ചാണ് ഇവര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് കാശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കവെ ആയിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ചു
7. നോവലെഴുത്തിന്റെയും പരിഭാഷയുടേയും തിരക്കിലാല്‍ ആയതിനാല്‍ വിവാദങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം ഇല്ലെന്നും ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ നിന്ന് രാജിവെച്ചിരിക്കുന്നു എന്നും പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര. എഴുതി ജീവിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് തീരുമാനം. ഭാവിയിലും അതുണ്ടാകില്ല. അതിനാല്‍ താന്‍ അപേക്ഷിക്കാതെ കിട്ടിയതും ഇതുവരെ അറിയിപ്പു ലഭിച്ചിട്ടില്ലാത്തതും ആയ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ നിന്നും രാജി വച്ചതായി മാദ്ധ്യമ സുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു എന്നാണ് മീര ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് കത്ത് അയച്ചതായും മീര പറഞ്ഞു.