prescription

ഭുവനേശ്വർ: മിക്ക ഡോക്ടർമാരുടെയും കുറിപ്പടികൾ വായിക്കാൻ സാക്ഷാൽ ദൈവം തമ്പുരാനുപോലും കഴിയില്ല. പലതിലും വരയും കുറിയും മാത്രമാവും ഉണ്ടാവുക. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും ഇതിനുമുന്നിൽ സുല്ലിട്ടുപോകും. പിന്നെയല്ലേ സാധാരണക്കാർ. സഹികെട്ട് ഒടുവിൽ കോടതിതന്നെ ഇതിനെതിരെ രംഗത്തെത്തി. ഡോക്ടർമാർ വലിയ അക്ഷത്തിൽ വ്യക്തമായി വായിക്കാവുന്ന തരത്തിലേ കുറിപ്പടികൾ തയ്യാറാക്കാവൂ എന്നാണ് ഒഡീഷാ ഹൈക്കോടതിയുടെ ഉത്തരവ്. വായിക്കാനാവാത്ത കുറിപ്പടികൾ എഴുതുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

രോഗിയായ ഭാര്യയെ പരിചരിക്കാൻ ജാമ്യംതേടി കോടതിയിലെത്തിയ ഒരു തടവുകാരൻ നൽകിയ അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്ന ഡോക്ടറുടെ കുറിപ്പടി വായിക്കാനാകാത്തതിനെ തുടർന്നാണ് കോടതിയുടെ അസാധാരണ ഉത്തരവ്. കുറിപ്പടിയിലെ കൈയക്ഷരം രോഗികൾക്ക് മാത്രമല്ല. ഫാർമസിസ്റ്റ്, മറ്റുഡോക്ടർമാർ, പൊലീസ്, വക്കീലന്മാർ തുടങ്ങി ആർക്കും വായിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

മയക്കുമരുന്ന് കേസിൽ ശിക്ഷയനുഭവിക്കുന്ന കൃഷ്ണ പാഡ മണ്ഡലാണ് കോടതിയിലെത്തിയത്. നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ഭാര്യയെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു കൃഷ്ണ പാഡയുടെ ആവശ്യം. ഇതിനായി അയാൾ സമർപ്പിച്ച ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിക്കുന്നതിനിടെ ഒരു ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കോടതിക്കായില്ല. തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ആവശ്യം നേരത്തേതന്നെ പലകോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു.