തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 63 പേർക്കും സ്‌പെഷ്യൽ സബ് ജയിലിൽ ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി ഉയർന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ജയിൽ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും രണ്ടു ദിവസത്തിനുളളിൽ ആന്റിജൻ പരിശോധന നടത്തുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. പൊതു ശുചിമുറി ഉൾപ്പെടെ ഉപയോഗിക്കുന്നതാണ് കൊവിഡ് വ്യാപനം ജയിലിൽ രൂക്ഷമാകാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കാസർകോട് എസ്.പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാസർകോട് എസ്.പിയും ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. എസ്.പി അടക്കം പ്രാഥമിക സമ്പർക്ക പട്ടിയിലുള്ള നാല് പേരാണ് നിരീക്ഷണത്തിൽ പോയത്. കാസർകോട് സ്ഥിതി ഗുരുതരമാവുകയാണെന്നാണ് വിലയിരുത്തൽ. കാസർകോട് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 21 പേരാണ് കൊവിഡിന് കീഴടങ്ങിയത്.