മോഹൻലാൽ -പ്രിയദർശൻ കൂട്ടുകെട്ട് മലയാള സിനിമാപ്രേമികളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ. 'പൂച്ചക്കൊരു മൂക്കുത്തി' മുതൽ വിസ്‌മയിപ്പിക്കാനൊരുങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' വരെയും ലാലും പ്രിയനും സൗഹൃദത്തിന്റെ വിജയപാതയിൽ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. ഇത്രയധികം സിനിമകൾ ചെയ്‌തിട്ടും ഒരു സിനിമ ഒഴികെ മറ്റൊന്നിന്റെ തിരക്കഥയും പ്രിയദർശൻ തനിക്ക് വായിക്കാൻ തന്നിട്ടില്ലെന്ന് പറയുകയാണ് മോഹൻലാൽ. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് ലാലും പ്രിയനും മനസു തുറന്നത്.
പ്രിയൻ- 'ഭയങ്കരമായി ആലോചിച്ച് ഞങ്ങൾക്കിടയിൽ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ല. സംസാരത്തിനിടയിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്‌ക്കും. അതു ചെയ്യാമെന്ന് തീരുമാനിക്കുക. ആ ചിന്തയിൽ നിന്നാണ് പലപ്പോഴും സിനിമകൾ രൂപം കൊള്ളുന്നത്. ലാലിന് എന്നെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുമ്പ് പോലും തിരക്കഥ വായിക്കാൻ നൽകുന്നില്ല എന്നാണ്. എഴുതി പൂർത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്'.
ഇതിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു-
'അക്കാലത്തെല്ലാം ഞാൻ സ്ഥിരം പ്രിയനോട് പറയുമായിരുന്നു. ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ, സിനിമ തുടങ്ങുന്നതിന് മുമ്പേ തിരക്കഥ തിരക്കഥയൊന്ന് വായിക്കാൻ കിട്ടുമോയെന്ന്. നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുള്ള താൽപര്യം കൊണ്ടായിരുന്നു അത്. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ പ്രിയൻ അഭിമാനത്തോടെ ഒരു പുസ്‌തകം മുന്നിലേക്ക് നീട്ടി. വർഷങ്ങളായി ഞാൻ ആഗ്രഹിച്ചത്.. ചോദിച്ചുകൊണ്ടിരുന്നത്. ചെയ്യാനിരുന്ന സിനിമയുടെ എഴുതി പൂർത്തിയാക്കിയ തിരക്കഥ. കൈകൂപ്പികൊണ്ട് ഞാൻ പറഞ്ഞു, വേണ്ട തൃപ്‌തിയായി എനിക്കു വായിക്കേണ്ട. അതായിരുന്നു തേന്മാവിൻ കൊമ്പത്ത്'