പലതരത്തിലുള്ള പ്രണയാഭ്യർത്ഥനകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് കുറച്ച് കടുത്ത് പോയില്ലേ എന്നാണ് പലരുടെയും ചോദ്യം. സ്വന്തം പ്രണയിനിയോടുള്ള തന്റെ പ്രണയം വെളിപ്പെടുത്താൻ ഒരു പ്രൊഫഷണൽ സ്റ്റണ്ട്മാൻ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്വയം തീകൊളുത്തി വിവാഹാഭ്യർത്ഥന നടത്തുന്ന സ്റ്റണ്ട്മാന്റെ വീഡിയോയാണ് തരംഗമായി മാറിയിരിക്കുന്നത്.
കാമുകിയായ കത്രീന ഡോബ്‌സണെ പ്രൊപോസ് ചെയ്യാൻ വേണ്ടി റിക്കി ആഷ് എന്ന 52 കാരനായ സ്റ്റണ്ട്മാൻ സ്വീകരിച്ച മാർഗമാണിത്. തികച്ചും വിചിത്രമായ മാർഗം.
ആഷ് തീകൊളുത്താൻ പോകുകയാണെന്ന് നഴ്സായ ഡോബ്സണ് മനസിലായെങ്കിലും അതൊരു ഫോട്ടോഷൂട്ടിന് വേണ്ടിയായിരിക്കുമെന്നാണ് കരുതിയത്. 27 വർഷമായി സ്റ്റണ്ട്മാനായി ജോലി നോക്കുന്ന ആഷ് തീ പടർന്ന് പിടിക്കുമ്പോഴേക്കും ഡോബ്സണ് മുന്നിൽ മുട്ടുകുത്തിയിരുന്ന് വിവാഹാഭ്യർത്ഥന നടത്തുന്നതായി വീഡിയോയിൽ കാണാം. ഡോബ്സൺ വിവാഹത്തിന് സമ്മതം അറിയിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആഷിന്റെ അടുത്തേക്ക് ഓടിയെത്തി തീ അണയ്ക്കുകയാണ്.
തീയിൽ നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്നതിനെക്കാളും മികച്ച മറ്റൊരു മാർഗം തനിക്ക് അറിയില്ല എന്നായിരുന്നു ഇതേക്കുറിച്ച് ആഷിന്റെ പ്രതീകരണം. റിച്ചാർഡ് ബർട്ടൺ മുതൽ ജോണി ഡെപ്പ് വരെയുള്ള നടന്മാർക്കൊപ്പം ആഷ് ജോലി നോക്കിയിട്ടുണ്ട്.
അതേസമയം ആഷ് എല്ലാ മുൻ കരുതലുകളോടും കൂടിയാണ് ശരീരത്തിൽ തീ കൊളുത്തിയത് എന്നാണ് അറിയുന്നത്. തീയിൽ നിന്ന് രക്ഷ നേടാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും മുഖത്തും തലയിലും കഴുത്തിലും ഫയർ പ്രൂഫ് ജെൽ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
പ്രൊപോസ് ചെയ്യാൻ ആഷ് സ്വീകരിച്ച മാർഗം ശരിക്കും വ്യത്യസ്തവും മനോഹരവുമായിരുന്നു. അദ്ദേഹം ഒരേ നിമിഷം ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുകയായിരുന്നുവെന്നും അതിനാൽ തന്നെ തന്റെ തീരുമാനം ശരിയായിരുന്നുവെന്നും ഡോബ്സൺ പറഞ്ഞു. ഇരുവരും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്.