കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അഭിഭാഷകൻ പരാതി ഉന്നയിച്ചത്. വനിത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെയാണ് ചോദ്യം ചെയ്യുന്നത്. തുടർച്ചയായി ആറ് മണിക്കൂറിലധികം ചോദ്യം ചെയ്യുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിച്ചാൽ നടപടിയുണ്ടാകുമെന്നായിരുന്നു കോടതിയുടെ മറുപടി. ചോദ്യം ചെയ്യലിന് ഇടവേള ഉണ്ടാകണമെന്നും രാവിലെ പത്ത് മുതൽ അഞ്ച് വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്നും കോടതി നിർദേശിച്ചു.
അതേസമയം സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം. സ്വപ്‌നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്‌സ്മെന്റ് വിലയിരുത്തൽ. സ്വപ്‌നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. പ്രളയഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി. ഒക്‌ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.