രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സമാനതകളില്ലാത്ത വ്യക്തിത്വം പുലർത്തിയിരുന്ന പ്രശസ്ത സീനിയർ അഭിഭാഷകനും തിരുവനന്തപുരം ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും ആയിരുന്ന അഡ്വ: സി.കെ. സീതാറാം ജ്വലിക്കുന്ന ഒാർമ്മയായി.
വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി സംഘടനാ രംഗത്തും യുവജന സംഘടനാ രംഗത്തും തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മാതൃഭാഷയിൽ ഉയർന്ന നിലയിൽ എം.എ ബിരുദവും തുടർന്ന് തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദവും നേടിയെങ്കിലും ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായും ട്രേഡ് യൂണിയൻ നേതാവായും പ്രവർത്തിക്കുന്നതിനിടെ 1968ൽ തന്നെ കോർപറേഷനിലെ അമ്പലത്തറ വാർഡ് കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഉടനെ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങാനായില്ല. 1972 മുതൽ എന്നോടൊപ്പം എന്റെ പ്രിയപ്പെട്ട ജൂനിയർ അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.
സി.പി.എമ്മിന്റെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐയുടെ മാതൃസംഘടനയായ കെ.എസ്.വൈ.എഫിൽ എന്നോടൊപ്പം ദീർഘകാലം നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു.
1938ലെ കല്ലറ പാങ്ങോട് സമരങ്ങളുടെ മുന്നണി പ്പോരാളിയായിരുന്നു എൻ. ചെല്ലപ്പൻ വൈദ്യന്റെയും കൗസല്യയുടെയും മകനായ സി.കെ. വളർന്നുവന്ന സാഹചര്യങ്ങൾ അദ്ദേഹത്തെയും അച്ഛനെപ്പോലെ തന്നെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റാക്കി. അഭിഭാഷകൻ എന്ന നിലയിലും സി.കെതന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ക്രിമിനൽ കോടതികളിൽ പ്രമാദമായ പല കേസുകളിലും അദ്ദേഹം ഹാജരായിരുന്നു. സാക്ഷികളെ ക്രോസ് വിസ്താരം നടത്തുന്നതിൽ അദ്ദേഹം നടത്തിയിരുന്ന ചടുലമായ നീക്കങ്ങൾ ജൂനിയർ അഭിഭാഷകർ വളരെ ഗൗരവത്തോടെ വീക്ഷിക്കുകയും മാതൃകയാക്കുകയും ചെയ്തിരുന്നു.
2008ലും 2009ലും തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നപ്പോഴാണ് തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിച്ചുകിട്ടുന്നതിനായി ആരംഭിച്ച രണ്ടാം ഹൈക്കോടതി ബെഞ്ച് സമരത്തിന്റെ അമരക്കാരനായി കോടതി ബഹിഷ്കരണമുൾപ്പടെയുള്ള സമരത്തിന് നേതൃത്വം നൽകിയത്.
സീതാറാം കേവലം ഏതെങ്കിലും ഒരു രംഗത്ത് മാത്രം വൈഭവം കാണിച്ചിരുന്ന വ്യക്തിയല്ല. തിരുവനന്തപുരം ജില്ലയിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസംഗ വേദിയിലെ പകരംവയ്ക്കാനാകാത്ത ഒരു പ്രാസംഗികനായിരുന്നു. പ്രസംഗവേദികളിൽ തന്റെ രാഷ്ട്രീയ എതിരാളികളെ ചാട്ടവാറടികൾ ഏല്പിക്കുമ്പോഴും സരളമായ സാഹിത്യ ഭാഷയിൽ വാക്കുകൾകൊണ്ട് അമ്മാനമാടുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലി എതിരാളികളെപ്പോലും ആകർഷിച്ചിരുന്നു. 1971ൽ വി.കെ. കൃഷ്ണ മേനോൻ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സി.പി.എമ്മിന്റെ പിന്തുണയോടെ മുൻമന്ത്രിയും സ്പീക്കറുമായിരുന്ന ഡി. ദാമോദരൻ പോറ്റിക്കെതിരായി മത്സരിച്ചപ്പോൾ കൃഷ്ണമേനോന്റെ ഇംഗ്ലീഷ് പ്രസംഗങ്ങൾ അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നത് സീതാറാം ആയിരുന്നു. തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ പരിഭാഷയ്ക്കായി മറ്റു പലരെയും പരീക്ഷിച്ചെങ്കിലും മലയാളം അറിയാമായിരുന്ന കൃഷ്ണ മേനോൻ പരിഭാഷയിൽ തൃപ്തനാകാതെ അസ്വസ്ഥനായിരുന്നു. അപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന ഞാൻ സി.കെ യുടെ പേര് നിർദേശിച്ചത്. ആദ്യ പരിഭാഷയിൽത്തന്നെ വി.കെ. കൃഷ്ണ മേനോൻ സംതൃപ്തനായിഎന്നു മാത്രമല്ല സ്റ്റേജിൽ വച്ച് തന്നെ സീതാറാമിനെ ആശ്ലേഷിച്ചുകൊണ്ട് സന്തോഷം പരസ്യമായി പങ്കിട്ടത് സീതാറാമിന് വലിയ അംഗീകാരമാണ് നേടിക്കൊടുത്തത്. ഇതോടുകൂടി എല്ലാ വേദിയിലും പരിഭാഷകനായി സി.കെ. തന്നെ ആയിരിക്കണമെന്ന് കൃഷ്ണ മേനോന് നിർബന്ധമായിരുന്നു.
മുഴുവൻ സമയ രാഷ്ട്രീയ ട്രേഡ് യൂണിയൻ പ്രവർത്തകനായ സീതാറാമിനോട് ഞാൻ ഒരു കാര്യം കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അത് അഭിഭാഷകൻ എന്ന നിലയിൽ കക്ഷികളോടും കോടതികളോടുമുള്ള നമ്മുടെ കർത്തവ്യം നിറവേറ്റുന്നതിൽ രാഷ്ട്രീയ പ്രവർത്തനം ഒരിക്കലും ഒരു തടസ്സമാകരുത് എന്നതായിരുന്നു. എന്റെ നിർദേശം അക്ഷരംപ്രതി അനുസരിക്കാനും കുറഞ്ഞൊരുനാളുകൾകൊണ്ടുതന്നെ നല്ലൊരു വക്കീലാകാനും കക്ഷികളുടെ വിശ്വാസം നേടിയെടുക്കാനും കോടതികളുടെ അംഗീകാരത്തിനു പാത്രമാകാനും സി.കെയ്ക്കു കഴിഞ്ഞു. സീനിയർ എന്ന നിലയിൽ അതിയായ അഭിമാനത്തോടെയാണ് ഞാൻ അദ്ദേഹത്തിന്റെ അഭിഭാഷക ജീവിതത്തെ ഓർക്കുന്നത്.
അമ്പലത്തറയിൽ കുടുംബാംഗങ്ങളോടോപ്പം ദീർഘകാലമായി താമസിച്ചുവരികയായിരുന്നു. അവസാന നാളുകളിൽ ചില ആരോഗ്യ പ്രശ്നങ്ങളാൽ കോടതിയിൽ വരാൻ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം ബാറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും 1972 മുതൽ അന്ത്യനാളുകൾ വരെ നേതൃത്വപരമായ പങ്കു വഹിച്ച് ആദരവേറ്റുവാങ്ങിയ സി.കെ. സീതാറാമിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
(മുൻ വിജിലൻസ് ട്രിബ്യുണലാണ് ലേഖകൻ)