കൊച്ചി: സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഫോഴ്‌സ്മെന്റ്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം. സ്വപ്‌നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്‌സ്മെന്റ് വിലയിരുത്തൽ. സ്വപ്‌നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. പ്രളയഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി. ഒക്‌ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് എൻഫോഴ്‌സ്മെന്റ് തീരുമാനം. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ എൻഫോഴ്‌സ്മെന്റ് നിലപാട്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
കേസിൽ യു.എ.ഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസുൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുമ്പ് നടത്തിയ 20 കളളക്കടത്തിലും കോൺസുൽ ജനറലിന് കമ്മിഷൻ നൽകിയെന്ന് സ്വപ്‌ന വ്യക്തമാക്കുന്നു. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ പറ്റിയ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ദുരൂഹതയും വർദ്ധിക്കുകയാണ്.