തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജല ലഭ്യതയും ആവശ്യകതയും കണ്ടെത്തുന്നതിനായി ജല ബഡ്‌ജറ്റ് തയ്യാറാക്കുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജല അതോറിട്ടി, ജലസേചനം, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജലബഡ്‌ജറ്റ് തയ്യാറാക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും ജലബഡ്‌ജറ്റ്, പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
പദ്ധതി ഇങ്ങനെ
ജലസ്രോതസുകൾ സംരക്ഷിക്കുകയും ജലവിനിയോഗത്തിനായി സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജലബഡ‌്ജറ്റ് എന്ന ആശയം കൊണ്ടുവന്നത്. ഓരോ പ്രദേശത്തും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ജല ബഡ്‌ജറ്റുകൾ തയ്യാറാക്കുകയാണ് ആദ്യ നടപടി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഓരോ സമയത്തും ഉപഭോഗത്തിന് വേണ്ടിവരുന്ന ജലത്തിന്റെ അളവ്, ലഭ്യമായ ജലത്തിന്റെ അളവ് എന്നിവ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്താനായിരുന്നു പദ്ധതി. ആവശ്യമായ ജലം ലഭ്യമല്ലെങ്കിൽ, സാങ്കേതിക വിദ്യയുടെ അടക്കം സഹായത്തോടെ ആ കുറവ് പരിഹരിക്കാനായിരുന്നു ധാരണ. കിണറുകൾ, കുളങ്ങൾ, ജലസംഭരണികൾ തുടങ്ങി എല്ലാ ജലസ്രോതസുകളിലും ലഭ്യമാകുന്ന ജലത്തിന്റെ അളവ് കാലികമായി രേഖപ്പെടുത്തും. ഇവയുടെ അടിസ്ഥാനത്തിൽ ജല ആവശ്യവും ജല ലഭ്യതയും തമ്മിലുള്ള വ്യത്യാസം ജലസേചന വകുപ്പ് കണ്ടെത്തും. ഈ വ്യത്യാസം പരിഹരിക്കുന്നതിന് വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതുമാണ് പദ്ധതി.
ഇതുവരെ നടന്നത്
ജലബഡ്‌ജറ്റ് തയ്യാറാക്കുന്നതിനായുള്ള മാർഗരേഖ രൂപീകരിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞിരുന്നു. തുടർന്ന് കോഴിക്കോട് ജലവികസന വിനിയോഗ കേന്ദ്രത്തിൽ ഹരിതകേരളം മിഷൻ പ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ യോഗം ചേർന്നതൊഴിച്ചാൽ സമിതി രൂപീകരണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ജല ബഡ്‌ജറ്റിനുള്ള പ്രാഥമിക വിവരശേഖരണം തദ്ദേശ സ്ഥാപനങ്ങൾ നടത്തിയെങ്കിലും പിന്നീട് അവരും വേണ്ടത്ര താത്പര്യം കാണിച്ചില്ല. അതിനാൽ തന്നെ ജലവിനിയോഗ പദ്ധതികളുടെ നിർവഹണവും ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
2023ൽ എല്ലാവർക്കും ശുദ്ധജലം
കേരളത്തിൽ 2023 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന ജലജീവൻ പദ്ധതി 2023ൽ പൂർത്തിയാകും. ആകെയുള്ള 67.15 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 21.42 ലക്ഷം പേർക്ക് ഈ വർഷം കണക്ഷൻ നൽകും. കേരളത്തിന് ഈ വർഷം പദ്ധതിക്കായുള്ള കേന്ദ്രവിഹിതം 404 കോടിയാണ്. കഴിഞ്ഞ വർഷത്തെ രണ്ടാം ഗഡു തുകയും സംസ്ഥാന വിഹിതവും ചേരുമ്പോൾ ഇത് ഏകദേശം 940 കോടി രൂപയാകും. 585 വില്ലേജുകളിലും 380 ഗ്രാമപഞ്ചായത്തുകളിലും 23 ബ്ലോക്കുകളിലുമാണ് ഈ വർഷം പദ്ധതി നടപ്പാക്കുക. കേരള സർക്കാരിന്റെ ഹരിത കേരളം മിഷനുമായി ചേർന്നാണ് പദ്ധതി.