new-zealand

വെല്ലിംഗ്ടൺ : ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഓക്ക്‌ലാൻഡിൽ ലോക്ക്ഡൗൺ 12 ദിവസത്തേക്ക് കൂടി നീട്ടി. ഇവിടെ സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം 29 ആയതോടെയാണ് ലോക്ക്ഡൗൺ നീട്ടുന്നതായി പ്രധാനമന്ത്രി ജസീന്താ ആർഡേൻ അറിയിച്ചിരിക്കുന്നത്. തുടർച്ചയായ 102 ദിവസം സമ്പർക്ക രോഗികളെ റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യത്ത് വീണ്ടും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ന്യൂസിലൻഡിലെ ഏറ്റവും ജനസംഖ്യകൂടിയ നഗരമായ ഓക്ക്‌ലാൻഡിൽ പുതുതായി നാല് കേസുകളായിരുന്നു അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ഓക്ക്‌ലാൻഡിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. തെക്കൻ ഓക്ക്‌ലൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്കായിരുന്നു രോഗം. ഇവരുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല. ഇതേ പറ്റി ആരോഗ്യ വിദഗ്ദ്ധർ അന്വേഷണം തുടരുകയാണ്. എന്നാലിപ്പോൾ ഈ ക്ലസ്റ്ററിൽ നിന്നും ആകെ രോഗബാധിതരുടെ എണ്ണം 29 ആയിരിക്കുകയാണ്. 38 പേരെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ഓക്ക്‌ലാൻഡ് ക്ലസ്റ്ററിൽ നിന്നും രോഗികളുടെ എണ്ണം ഇനിയും ഉയരാനിടയുണ്ട്. ഓക്ക്‌ലൻഡിൽ ലെവൽ 3 നിയന്ത്രണങ്ങളാണുള്ളത്.

നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്‌റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയ അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും ഇളവുകൾ. ഓക്ക്‌ലാൻഡിൽ പത്തിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് നിരോധിച്ചു. സ്കൂളുകൾ അടഞ്ഞു കിടക്കും. ഓക്ക്‌ലൻഡിന് പുറത്ത് ന്യൂസിലൻഡിന്റെ മറ്റ് ഭാഗങ്ങളിൽ ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരും. ഇവിടെ 100 ലേറെ പേർ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. 22 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന ന്യൂസിലൻഡിൽ ഇതേവരെ 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1602 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. മേയ് ഒന്ന് മുതൽ ന്യൂസിലൻഡിൽ പ്രാദേശികമായ സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നില്ല.