ന്യൂഡൽഹി: മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം തുടർച്ചയായ നാലാംമാസവും നെഗറ്രീവ് നിരക്ക് രേഖപ്പെടുത്തി. ജൂലായിൽ ഇത് നെഗറ്രീവ് 0.58 ശതമാനമാണ്. ജൂണിൽ നെഗറ്റീവ് 1.81 ശതമാനവും മേയിൽ നാലരവർഷത്തെ താഴ്‌ചയായ 3.37 ശതമാനവുമായിരുന്നു. അതേസമയം, ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവില ഉയരുകയാണ്. മേയിൽ 2.73 ശതമാനവും ജൂണിൽ 3.05 ശതമാനവുമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം ജൂലായിൽ 4.32 ശതമാനത്തിലെത്തി.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂലായിൽ 6.93 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ജൂണിൽ ഇത് 6.23 ശതമാനമായിരുന്നു. റീട്ടെയിൽ നാണയപ്പെരുപ്പം നാലു ശതമാനത്തിന് താഴെയാണെങ്കിലേ റിസർവ് ബാങ്ക് പലിശനിരക്ക് കുറയുന്നതിനെ അനുകൂലിക്കൂ.