kamala

വാഷിംഗ്ടൺ: ഇന്ത്യൻ - ജമൈക്കൻ വംശജയായ കമല ഹാരിസിന് വൈസ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്യാൻ നിയമപരമായി സാധിക്കില്ലെന്ന വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഭരണഘടനാ വിദഗ്ദ്ധനായ അഡ്വ. ടോം ഫിറ്റനാണ് കമലയുടെ യോഗ്യത സംബന്ധിച്ച സംശയം ആദ്യം ഉയർത്തിയത്. ഇത് പിന്നീട് ട്രംപ് ഏറ്റുപിടിക്കുകയായിരുന്നു.

ഇക്കാര്യം ഉന്നയിച്ച അഭിഭാഷകൻ വളരെ കഴിവുറ്റ ആളാണ്. ആ വാദം ശരിയാണോയെന്ന് അറിയില്ല, പക്ഷെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് മുമ്പ് ഡെമോക്രാറ്റുകൾ അക്കാര്യം പരിശോധിക്കേണ്ടതായിരുന്നു. ഈ വാദം വളരെ ഗുരുതരമായ ഒന്നാണ്. അത് ശരിയാണെങ്കിൽ അവർ മത്സരിക്കാൻ യോഗ്യയല്ലെന്നും ട്രംപ് പറഞ്ഞു.

കമലയുടെ അമ്മ ഇന്ത്യൻ വംശജയും അച്ഛൻ ജമൈക്കൻ വംശജനുമായതുകൊണ്ടാണ് ഇത്തരമൊരു വാദം ഉയർന്ന് വന്നിരിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റായ ബറാക്ക് ഒബാമയ്‌ക്കെതിരെയും സമാനമായ ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. ഒബാമ അമേരിക്കയിൽ ജനിച്ചയാളല്ലെന്നാണ് ട്രംപ് വർഷങ്ങളായി പ്രചരിപ്പിച്ചിരുന്നത്.

വിവാദം വളർന്ന വഴി

അമേരിക്കൻ ഭരണഘടനയിലെ പൗരത്വവുമായി ബന്ധപ്പെട്ട ചില വകുപ്പുകൾ പ്രകാരം കമലയ്ക്ക് വൈസ് പ്രസിഡന്റാകുന്നതിന് അയോഗ്യതയുണ്ടെന്നാണ് ടോം ഫിറ്റൻ ട്വീറ്റ് ചെയ്തത്. ഇക്കാര്യം ട്രംപിന്റെ പ്രചാരണ വിഭാഗം മേധാവി ജെന്നാ എലീസ് റീ ട്വീറ്റ് ചെയ്തതോടെ വിവാദങ്ങൾ തലപൊക്കി.

അമേരിക്കയിൽ ജനിച്ചവർക്ക് മാത്രമേ അമേരിക്കൻ പ്രസിഡന്റാകാൻ സാധിക്കൂ എന്നാണ് ഭരണഘടനാ വ്യവസ്ഥ. അതായത്, അമേരിക്കയിലോ അതിന്റെ അധികാര പരിധിയിലോ ജനിക്കുന്ന ഏതൊരാളും അമേരിക്കൻ പൗരനാകും.

എന്നാൽ കമല ജനിക്കുന്ന സമയത്ത് അവരുടെ മാതാപിതാക്കൾ വിദ്യാർത്ഥി വിസയിൽ ആയിരുന്നുവെങ്കിൽ അവർ അമേരിക്കൻ ഭരണഘടനയുടെ അധികാര പരിധിക്ക് പുറത്തുള്ളവരാണെന്നും അതിനാൽ കമല അമേരിക്കൻ പൗര ആകില്ലെന്നും വാദമുണ്ട്. ഇതാണ് ട്രംപ് പിന്തുണയ്ക്കുന്നത്.

അതേസമയം ഭരണഘടനയുടെ 14-ാമത് ഭേദഗതിയിൽ അമേരിക്കയിൽ ജനിക്കുന്ന ഏതൊരാളും അമേരിക്കൻ പൗരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 1890ൽ അമേരിക്കൻ സുപ്രീംകോടതി ഇക്കാര്യം ഉയർത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, കാലിഫോർണിയയിൽ ജനിച്ച കമല നിയമപരമായി അമേരിക്കൻ പൗരയാണ്.