swapna-burman

ന്യൂഡൽഹി : ഉത്തേജക മരുന്നടിക്ക് പിടിക്കപ്പെട്ട താരത്തെപ്പോലും ഒളിമ്പിക്സ് പരിശീലന സഹായം നൽകുന്നതിനുള്ള ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിന്റെ (TOPS) ഡെവലപ്പ്മെന്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയപ്പോൾ ഏഷ്യൻ ഗെയിംസിൽ സ്വർണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ അത്‌ലറ്റിക്സ് താരം സ്വപ്ന ബർമ്മനെ ഒഴിവാക്കിയത് വിവാദമാകുന്നു.

സ്കീമിന് കീഴിൽ പരിശീലന സഹായത്തിന് അർഹതയുള്ള 258 കായികതാരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ പുറത്തിറക്കിയത്. ഇതിൽ ഇടം പ്രതീക്ഷിച്ചിരുന്ന താരമാണ് സ്വപ്ന. 2018 ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്ത്ലണിൽ സ്വർണം നേടിയിരുന്ന താരമാണ് ഈ ബംഗാളുകാരി. ഏഷ്യൻ ഗെയിംസ് ഹെപ്റ്റാത്ത്ലണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയും സ്വപ്നയാണ്. 2019ൽ ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും ‌ ഈ 23കാരി നേടിയിരുന്നു. 2024ലെ പാരീസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ് സ്വപ്ന ഇപ്പോൾ.

അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുമായി ചർച്ച നടത്തിയ ശേഷമാണ് സായ് അത്‌ലറ്റിക്സിൽ നിന്ന് ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. ഏഴ് പുരുഷ താരങ്ങളെയും ഒൻപത് വനിതാ താരങ്ങളെയുമാണ് അത്‌ലറ്റിക്സിൽ നിന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൗ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ജാവലിൻ ത്രോ താരം രോഹിത് യാദവ് 2017ലെ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയശേഷം നാഡ നടത്തിയ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ആളാണ്.ആദ്യം നാലുവർഷത്തേക്കാണ് രോഹിതിനെ വിലക്കിയിരുന്നതെങ്കിലും പിന്നീടത് ഒരു വർഷത്തേക്ക് ആക്കി കുറച്ചു.

അണ്ടർ 16 തലത്തിൽ പെൺകുട്ടികളുടെ ലോംഗ്ജമ്പിലെ ദേശീയ റെക്കാഡുകാരിയായ ശൈലി സിംഗിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 15കാരിയായ ശൈലി ബംഗളുരുവിലെ റോബർട്ട് ബോബി ജോർജിന്റെ അക്കാഡമിയിലാണ് പരിശീലിക്കുന്നത്.

അത്‌ലറ്റിക്സിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ : ശിവപാൽ സിംഗ്, രോഹിത് യാദവ്,അമോജ് ജേക്കബ്,ജാബിർ എം.പി,സന്തോഷ് കുമാർ തമിഴരശൻ,അജയ്കുമാർ സരോജ്,സഹിൽ സിൽവാൾ, വി.കെ വിസ്മയ,ജിസ്ന മാത്യു,കാവേരി പാട്ടീൽ,ധനേശ്വരി,കിരൺ,ശുഭ,അഞ്ജലി ദേവി, ലില്ലി ദാസ്,ഭാവ്ന ജാട്ട്.

ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്ന സ്വപ്ന

തീർത്തും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്ന് ഏഷ്യാഡ് സ്വർണത്തിന്റെ തിളക്കത്തിലേക്ക് ഉയർന്നുവന്ന താരമാണ് സ്വപ്ന ബർമ്മൻ.ബംഗാളിലെ ജയ്പാൽഗുഡിയിലെ തകരംകൊണ്ടുമറച്ച കൊച്ചുവീട്ടിൽ നിന്നാണ് ഇൗ താരം ഇന്ത്യൻ ടീമിലെത്തിയത്. സ്വപ്ന ഏഷ്യാഡിൽ സ്വർണം നേടുന്നത് കാണാൻ വീട്ടിൽ ടെലിവിഷൻ പോലുമില്ലായിരുന്നു. പാകമായ ഷൂ കിട്ടാനില്ലാത്തതിനാൽ മുറിവേറ്റ കാലുമായാണ് സ്വപ്ന ജക്കാർത്തയിൽ ഒാടിയത്.