അങ്ങനെയൊരു സംഭവമില്ലെന്ന് ഇറാൻ
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് പോയ നാല് എണ്ണകപ്പലുകൾ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണകയറ്റുമതി ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. വെനസ്വേലയിലേക്ക് പോയ കപ്പലുകളാണ് പിടിച്ചെടുത്തത്. ലൂണ, പാൻഡി, ബെറിംഗ്, ബെല്ല എണ്ണക്കപ്പലുകളാണ് അമേരിക്ക പിടിച്ചെടുത്തത്. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ഇസ്രയേലും യു.എ.ഇയും സമാധാന കരാർ ഒപ്പുവച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി.
പിടിച്ചെടുത്ത കപ്പലുകളെ ഹൂസ്റ്റണിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. കപ്പലുകൾ പിടികൂടാൻ സൈനിക ശക്തി ഉപയോഗിച്ചിട്ടില്ലെന്നാണ് അമേരിക്കൻ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ മാസം വെനസ്വേലയിലേക്ക് ഇറാൻ കയറ്റിയയച്ച നാല് എണ്ണടാങ്കറുകളിലെ പെട്രോൾ പിടിച്ചെടുക്കാൻ യു.എസ് പ്രോസിക്യൂട്ടർമാർ കേസ് ഫയൽ ചെയ്തിരുന്നു. ഇന്ധന വ്യാപാരത്തിലൂടെ ഇറാനിലേക്കുള്ള വരുമാനം തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം.
എന്നാൽ, എണ്ണക്കപ്പലുകളോ സാധാ കപ്പലുകളോ യു.എസ് പിടിച്ചെടുത്തില്ലെന്ന മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഇത്തരം ശത്രുതാപരമായ നടപടികൾ സഹിക്കില്ലെന്നും അതിന് ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും ഇറാനിലെ പേരുവെളിപ്പെടുത്താത്ത പ്രതിനിധി വിദേശ മാധ്യമായ ഐ.ആർ.എൻ.എയോട് പറഞ്ഞു.