kodiyeri-balakrishnan

തിരുവനന്തപുരം: സ്വർണക്കടത്തിൽ ഏത് കാര്യം വേണമെങ്കിലും എൻ.ഐ.എ അന്വേഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അന്വേഷണത്തിന് തടസം നിൽക്കില്ല. മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് സ്വപ്‌നയുടെ മൊഴിയെപ്പറ്റി അറിഞ്ഞത്. മൊഴിയുടെ നിജസ്ഥിതി എന്താണെന്ന് സർക്കാരിനെ അറിയിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ. യഥാർത്ഥ വസ്‌തുതകൾ എൻ.ഐ.എ കണ്ടുപിടിക്കുന്നതാണ് ഉചിതമെന്നും കോടിയേരി പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമാക്കേണ്ടത് റെഡ് ക്രസന്റാണ്. പദ്ധതിയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് റെഡ് ക്രസന്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാദ്ധ്യമപ്രവർത്തകർക്കെതിരെ മാത്രമല്ല ആർക്കെതിരേയും സൈബർ ആക്രമണം പാടില്ല. സൈബർ ആക്രമണത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആർക്ക് എതിരേയും സമൂഹ മാദ്ധ്യമങ്ങളിൽ എന്തും പറയാവുന്ന അവസ്ഥയാണെന്നും കോടിയേരി പറഞ്ഞു. കൊവിഡ് പശ്‌ചാതലത്തിൽ രാജ്യത്ത് തൊഴിലില്ലായ്‌മ വർദ്ധിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം ഒന്നൊന്നായി വിറ്റഴിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളിലെ ഒഴിവുകളിൽ കേന്ദ്ര സർക്കാർ നിയമനം നടത്തണം. ഇ.ഐ.എ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിക്കണം. ആദിവാസി വിഭാഗത്തിന് വൻ വെല്ലുവിളിയാണ് കേന്ദ്രനീക്കമെന്നും കോടിയേരി പറഞ്ഞു.