bird

ബെൻസിൽ പക്ഷിക്കുഞ്ഞിന് കൂടൊരുക്കി യു.എ.ഇ രാജകുമാരൻ

ദുബായ് സിറ്റി: കാറാണോ പക്ഷിയാണോ വലുത്? സംശയമെന്ത് കാറ് എന്ന് പറയാൻ വരട്ടെ അതിനു മുൻപ് നമുക്ക് യു.എ.ഇ രാജകുമാരൻ ഷേക് ഹേദാൻ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ കാണാം. വിപണിയിൽ 2.28 കോടി രൂപ വിലവരുന്ന മെർസിഡസ് എ.എംജി ജി 63 എസ്.യു.വി കാറാണ് ഒരു പക്ഷിക്കു വേണ്ടി അദ്ദേഹം വിട്ടുനൽകിയത്. ഷേക് ഹേദാൻ ഒരു ദിവസം നോക്കുമ്പോൾ തന്റെ മെഴ്സിഡസിന്റെ ബോണറ്റിനു മുകളിൽ ഒരു പക്ഷിക്കൂട്. അതിൽ രണ്ട് മുട്ടയുമുണ്ട്. ഉടൻ തന്നെ അദ്ദേഹം ആ വാഹനം ഉപയോഗിക്കാൻ വിസമ്മതിച്ചു. ഒപ്പം അവിടെയൊരു നിയന്ത്രണ രേഖയും ഒരുക്കി. ആ ഭാഗത്തു പോയി പക്ഷികൾക്ക് ഒരു ശല്യവുമുണ്ടാക്കരുതെന്ന് ജീവനക്കാർക്ക് കർശന നിർദ്ദേശവും നൽകി. പിന്നെ മുട്ടവിരിയാനായി കാത്തിരുന്നു. കാറിന്റെ പരിസരത്തു നിന്ന് മാറി ആ പക്ഷികളുടെ ജീവിതം കാമറയിൽ പകർത്തുകയും ചെയ്തു. അതെല്ലാം ചേർത്ത് ഒരു കുഞ്ഞുവീഡിയോയാക്കി തന്റെ ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തു അറിയപ്പെടുന്ന പ്രകൃതി സ്നേഹിയും പക്ഷി സ്നേഹിയുമായ ഷേക് ഹേദാൻ. ചില 'സമയങ്ങളിൽ ജീവിതത്തിലെ ചില ചെറിയ കാര്യങ്ങൾ മറ്റെന്തിനെക്കാളും വലുതാകും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. മുട്ട വിരിയാൻ കാത്തിരിക്കുന്ന തള്ളപ്പക്ഷിയും മുട്ട വിരിഞ്ഞ ശേഷമുള്ള അവരുടെ സന്തോഷവും ഒക്കെ വീഡിയോയിലുണ്ട്. പത്തു ലക്ഷം ഫോളോവേഴ്സാണ് സൗദി രാജകുമാരന് ഇൻസ്റ്റഗ്രാമിലുള്ളത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അത് വൈറലാവുകയും ചെയ്തു. ഓരോ രംഗവും മനസിന് സന്തോഷം തരുന്നതെന്നാണ് പലരും പോസ്റ്റിന് മറുപടിയായി കുറിച്ചത്.