ബീജിംഗ്: ചൈനയിൽ കൊവിഡ്മുക്തി നേടിയ രണ്ട് രോഗികൾക്ക് മാസങ്ങൾക്കിപ്പുറം വീണ്ടും രോഗബാധ. ഹുബെയ് സ്വദേശിയായ 68 കാരിക്ക് ഡിസംബറിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആറ് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രണ്ടാമതും പോസിറ്റീവായി. വിദേശത്തു നിന്നു വന്ന മറ്റൊരാൾക്ക് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം തിങ്കളാഴ്ച ഇയാൾക്ക് രണ്ടാമതും പോസിറ്റീവായി. എന്നാൽ, ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. രോഗമുക്തി നേടിയവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് അപൂർവമാണ്. ദക്ഷിണകൊറിയയിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ന്യൂസിലാൻഡിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു. പ്രഭവ കേന്ദ്രമായ ഓക്ക്ലാൻഡിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 12 ദിവസം കൂടി നീണ്ടേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൈറസ് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ കൊവിഡ് വ്യാപനം വീണ്ടും ആരംഭിച്ചതോടെ, ഫ്രാൻസിൽ നിന്നും നെതർലാൻഡ്സിൽ നിന്നും ബ്രിട്ടനിൽ എത്തുന്നവർ 14 ദിവസം നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
ദക്ഷിണകൊറിയയിൽ ഇന്നലെ മാത്രം 103 കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് മദ്ധ്യത്തിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നലെയാണ്. രാജ്യത്ത് ഇപ്പോൾ പ്രദേശിക വ്യാപനമാണുള്ളത്. കൊവിഡ് വ്യാപനം ശക്തമായ പെറുവിലും മെക്സിക്കോയിലും രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. അതേസമയം, വെനിസ്വേലൻ തലസ്ഥാനമായ കർക്കാസിലെ ഗവർണർ ഡാരിയോ വിവാസ് കൊവിഡ് ബാധിച്ച് മരിച്ചു.
കൊവിഡിന്റെ പിടിയലകപ്പെടാത്ത രാജ്യങ്ങൾ
വാഷിംഗ്ടൺ: കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ ആരംഭിച്ച കൊവിഡ് വൈറസ് ബാധ, ഇന്ന് ലോകരാജ്യങ്ങളെ മുഴുവനും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം 213 രാജ്യങ്ങളിൽ കൊവിഡ് വ്യാപിച്ചിട്ടുണ്ട്.എന്നാൽ, ഇതുവരെ ഒരൊറ്റ കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. കിർബാറ്റി, മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ, നവ്റു, ഉത്തര കൊറിയ, പലാവു, സോളമൻ ദ്വീപുകൾ, ടോങ്ക, തുർക്ക്മെനിസ്ഥാൻ, ടുവാലു, വന്വാടു എന്നീ രാജ്യങ്ങളാണ് കൊവിഡിൽ നിന്ന് രക്ഷനേടിയത്.
കൊവിഡ് മീറ്റർ
ലോകത്താകെ രോഗികൾ - 2,11,00,965
മരണം - 7,58,014
രോഗവിമുക്തർ - 1,39,49,348
രാജ്യം - രോഗികൾ - മരണം
അമേരിക്ക - 54,16,014 - 1,70,422
ബ്രസീൽ - 32,29,621 - 1,05,564
ഇന്ത്യ - 24,64,316 - 48,177
റഷ്യ - 9,12,823 -15,498