rajasthan

ജയ്‌പൂർ: അശോക് ഗെഹ്‌ലോട്ട്-സച്ചിൻ പൈല‌റ്റ് അധികാര തർക്കം രമ്യതയിലെത്തിയതോടെ ഇന്ന് രാജസ്ഥാൻ നിയമസഭയിൽ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള‌ള കോൺഗ്രസ് സർ‌ക്കാർ വിശ്വാസ വോട്ട് നേടി. 101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിനുള‌ളത്.

ജൂലായ് മാസത്തിൽ ആരംഭിച്ച സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരത കോൺഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് തിങ്കളാഴ്‌ചയാണ് പരിഹരിക്കപ്പെട്ടത്. സച്ചിൻ പൈല‌റ്റും ഒപ്പമുള‌ള 19 എം.എൽ.എമാരും അശോക് ഗെഹ്‌ലോട്ടുമായുള‌ള അധികാര തർക്കത്തെ തുടർന്ന് ഡൽഹിയിലേക്ക് പോയതോടെയാണ് രാജസ്ഥാൻ രാഷ്‌ട്രീയം കലുഷിതമായ സംഭവങ്ങൾ തുടക്കമായത്.

തുടർന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മി‌റ്റി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും, സംസ്ഥാന ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിനെ പുറത്താക്കി. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ ബിജെപിയുമായി ചേർന്ന് സച്ചിൻ സ‌ർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ഗെഹ്‌ലോട്ട് ആരോപിച്ചു.

സച്ചിനൊപ്പമുള‌ള എം.എൽ.എമാർ അയോഗ്യരാണെന്ന് സ്‌പീക്കർ സി.പി.ജോഷിയും ഉത്തരവിട്ടതോടെ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും കേസ് നീണ്ടു. സ്വന്തം പാർട്ടി പ്രഖ്യാപിക്കാൻ സച്ചിൻ ഒരുങ്ങുന്നു എന്ന ഘട്ടം വരെയെത്തി. ഒടുവിൽ അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെട്ട് അശോക് ഗെഹ്‌ലോട്ടിന് പിന്തുണ പ്രഖ്യാപിച്ചതോടെ രാജസ്ഥാൻ നാടകങ്ങൾക്ക് വിരാമമായി.പ്രതിപക്ഷമായ ബിജെപി, സർക്കാരിനെതിരെ അവിശ്വാസ പ്രമേയം ആലോചിക്കുന്ന സമയത്ത് തന്നെ സർക്കാർ ഭൂരിപക്ഷം നേടിയതോടെ രാജസ്ഥാനിലെ പ്രതിസന്ധികൾക്ക് വിരാമമായി.