ജെല്ലിക്കെട്ട് സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്കും നടൻ ആന്റണി പെപ്പയ്‌ക്കും നിരവധി പരിക്കുകൾ പറ്റിയിരുന്നെന്ന് സഹതാരം തരികിട സാബു. ഷൂട്ടിനിടയിൽ തങ്ങൾ രണ്ടുപേരും ആശുപത്രിയിലായിട്ടുണ്ടെന്നും സാബു വെളിപ്പെടുത്തുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു സാബുവിന്റെ വെളിപ്പെടുത്തൽ.
'ജെല്ലിക്കെട്ട് ഒരനുഭവമായിരുന്നു. ശരീരത്തിലെ സകല നാഡി ഞരമ്പുകളും ഇടികൊണ്ടും തെന്നിവീണും ഇഞ്ച പരുവമായി. എന്റെയും ആന്റണി പെപ്പയുടെയും പരിപ്പിളകിയിട്ടുണ്ട്. ഷൂട്ടിനിടയിൽ ഞങ്ങൾ രണ്ടുപേരും ആശുപത്രിയിലായിട്ടുണ്ട്. ചെങ്കുത്തായ ഏലത്തോട്ടത്തിൽ ആയിരുന്നു ഷൂട്ട്. പോരെങ്കിൽ ഇല വീണു കിടക്കുന്നതുകൊണ്ട് കുഴി എവിടെയാണെന്നൊന്നും അറിയാൻ കഴിയില്ല.
കോളേജിൽ പഠിക്കുന്ന കാലത്തേ ലിജോയുമായി പരിചയമുണ്ടായിരുന്നു. എനിക്ക് പറ്റിയ എന്തെങ്കിലും വേഷം വരുമ്പോൾ ലിജോ വിളിക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ജെല്ലിക്കെട്ടിലെ റോളിന് എന്നെ എടുത്താലോ എന്ന് ചോദിച്ചപ്പോൾ ചെമ്പൻ വിനോദ് ആദ്യം, അളിയാ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ലെന്ന് ആണ് പറഞ്ഞത്. ഇത് ചെമ്പൻ തന്നെ എന്നോട് പിന്നെ പറഞ്ഞതാണ്.
ആക്‌ടർ ടൂൾ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ ടൂളിനെ നന്നായിട്ട് ഉപയോഗിക്കാൻ അറിയുന്ന ആളുടെ കൈയിൽ എത്തിപ്പെടണം'.