leipzig

ലിസ്ബൺ : സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് ജർമ്മൻ പുതുനിര ക്ളബ് ആർ.ബി ലെയ്പ്സിഗ് യുവേഫാ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ സെമിയിലെത്തി.കഴിഞ്ഞ രാത്രി ലിസ്ബണിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലെയ്പ്സിഗ് വിജയം കണ്ടത്.2009 ൽ മാത്രം രൂപം കൊണ്ട ലെയ്പ്സിംഗ് ആദ്യമായാണ് ചാമ്പ്യൻസ് ലീഗിന്റെ ആദ്യ നാലിൽ എത്തുന്നത്.

50-ാം മിനിട്ടിൽ ഡാനിയേൽ ഒാൾമോയും 88-ാം മിനിട്ടിൽ ടെയ്ലർ ആഡംസുമാണ് ലെയ്പ്സിഗിനായി ഗോളുകൾ നേടിയത്. 71-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ യാവോ ഫെലിക്സാണ് അത്‌ലറ്റിക്കോയെ സമനിലയിലെത്തിച്ചിരുന്നത്. പകരക്കാരനായിറങ്ങിയാണ് ആഡംസ് വിജയഗോളടിച്ചത്.

ഈസീ വാക്കോവർ പ്രതീക്ഷിച്ചിറങ്ങിയ ഡീഗോ സിമയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെ ആദ്യ പകുതിയിൽ വരിഞ്ഞുമുറുക്കിയിട്ട ജർമ്മൻ ക്ളബ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡു നേടി. ഒരു പെനാൽറ്റിയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചെങ്കിലും നിശ്ചിത സമയം അവസാനിക്കാൻ രണ്ട്മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ലെയ്പ്സിഗ് വിജയം കാണുകയായിരുന്നു.

തിങ്കളാഴ്ച നടക്കുന്ന സെമിഫൈനലിൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയാണ് ലെയ്പ്സിഗിന്റെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ ക്ളബ് അറ്റലാന്റയെ 2-1നാണ് പാരീസ് കീഴടക്കിയിരുന്നത്.

ഗോളുകൾ ഇങ്ങനെ

1-0

50-ാം മിനിട്ട്

ഡാനിയേൽ ഒാൾമോ

ലെഫ്റ്റ് വിംഗിൽ നിന്ന് റൈറ്റ് വിംഗിലേക്ക് ഞൊടിയിടയിൽ കളി മാറ്റിയശേഷം സാബിസർ ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഒാൾമോയ്ക്ക് ഹെഡ് ചെയ്യാൻ പാകത്തിൽ പന്ത് എത്തിക്കുകയായിരുന്നു.

1-1

71-ാം മിനിട്ട്

യാവോ ഫെലിക്സ്

ക്ളോസ്റ്റർമാൻ തന്നെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ചപെനാൽറ്റിയാണ് യാവോ ഫെലികസ് സമനില ഗോളാക്കിമാറ്റിയത്. പകരക്കാരനായിറങ്ങി പത്തുമിനിട്ടികമായിരുന്നു ഫെലിക്സിന്റെ ഗോൾ.

2-1

88-ാം മിനിട്ട്

ടെയ്ലർ ആഡംസ്

ഏൻജലീനോയുടെ പാസിൽ നിന്ന് ആഡംസ് തൊടുത്ത ഗ്രൗണ്ട് ഷോട്ട് അത്‌ലറ്റിക്കോ താരം സാവിച്ചിന്റെ പുറത്തുതട്ടിത്തിരിഞ്ഞാണ് വലയിൽ കയറി വിജയഗോളായി മാറിയത്.

2009

ബിവറേജസ് വ്യവസായ ഭീമന്മാരായ റെഡ്ബുൾ ആർ.ബി ലെയ്പ്സിഗ് രൂപീകരിക്കുന്നു.

2016

ലെയ്പ്സിഗ് ആദ്യമായി ബുണ്ടസ് ലീഗയിൽ കളിക്കുന്നു.

2017ൽ ബുണ്ടസ് ലീഗ റണ്ണേഴ്സ് അപ്പായി
2020

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെത്തുന്നു.

ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കോച്ചായിരിക്കും ഞാൻ. ഈ സെമി ബെർത്ത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. സെമിയിൽ പി.എസ്.ജിക്കെതിരെ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും.

നെഗൽസ്‌മാൻ

ലെയ്പ്സിഗ് കോച്ച്