ദുബായ്: ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ സമാധാനകരാറിന് പിന്നാലെ സമ്മിശ്രപ്രതികരണവുമായി ലോകരാജ്യങ്ങൾ. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗൾഫ് അറബ് രാജ്യമാണ് യു.എ.ഇ. അമേരിക്കയുടെ മദ്ധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയതും സമാധാര കരാറിലെത്തിയതും. സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ തീരുമാനം.
പലസ്തീൻ നേതാവ് മഹ്മൂദ് അബ്ബാസ് കരാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തുവന്നു. ആശ്ചര്യപ്പെടുത്തുന്ന കരാറാണിതെന്ന് അബ്ബാസിന്റെ വക്താവ് നബീൻ അബു റുദൈനി പ്രസ്താവനയിൽ പറഞ്ഞു. ജറുസലേമിനെയും അൽ അഖ്‌സയെയും പലസ്തീന്റെ അവകാശങ്ങളെയും വഞ്ചിക്കുകയാണ് കരാറിലൂടെ ചെയ്തിരിക്കുന്നതെന്ന് അബ്ബാസ് പറഞ്ഞു. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാൻ അഷ്‌റവിയും കരാറിനെ വിമർശിച്ചു. കരാറിനെ അംഗീകരിക്കില്ലെന്ന് ഹമാസും പ്രതികരിച്ചു. അതേസമയം, നിലച്ചുപോയ സമാധാന ചർച്ച പുനരാരംഭിക്കാന്‍ കരാർവഴി സാധിക്കുമെന്നും ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ചാൽ മേഖല സമാധാനത്തിലേക്ക് നീങ്ങുമെന്നും അല്ലെങ്കിൽ മേഖല നശിക്കുമെന്നും ജോർദാൻ വിദേശകാര്യ മന്ത്രി ഐമൻ സഫാദി പറഞ്ഞു. ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യമാണ് ജോർദാൻ. കരാറിനെ സ്വാഗതം ചെയ്ത് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സിസിയും രംഗത്തുവന്നു. യു.എ.ഇയുടെ അടുത്ത സൗഹൃദ് രാജ്യമാണ് ഈജിപ്ത്. മാത്രമല്ല, ഇസ്രായേലുമായി ബന്ധമുള്ള രണ്ട് അറബ് രാജ്യങ്ങിലൊന്നാണ് ഈജിപ്ത്. കരാറിനെ ഗൾഫ് രാജ്യമായ ബഹ്‌റൈനും സ്വാഗതം ചെയ്തു. ബ്രിട്ടനും ഫ്രാൻസും കരാറിനോട് അനുകൂലനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
നാണക്കേടെന്ന് ഇറാൻ
കരാറിനെ നാണക്കേട് എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇറാനിലെ മതനേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ കരാർ സമാധാനം പുന:സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറുടെ വക്താവ് പ്രതികരിച്ചു. പലസ്തീനികളുടെ ആവശ്യത്തോട് മുഖം തിരിച്ചിരിക്കുകയാണ് യു.എ.ഇ ചെയ്തതെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
പിന്തുണയുമായി യു.എൻ
പലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാകുന്നതിന് സഹായിക്കുന്ന നീക്കമാണിതെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള സമാധാന ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.