ചെന്നൈ : കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ( 74 ) നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടയാണ് ബാലസുബ്രഹ്മണ്യം ഇപ്പോൾ തുടരുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനുലൂടെ ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 5നാണ് നേരിയ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ബാലസുബ്രഹ്മണ്യത്തെ ചെന്നൈ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിതനാണെന്നും താൻ സുരക്ഷിതനാണെന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌ത വീഡിയോയിലൂടെ അദ്ദേഹം ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.
കുറച്ച് നാളുകളായി തനിക്ക് പനിയും ജലദോഷവും ശ്വാസ തടസവുമുണ്ടായിരുന്നതായും തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും എസ്.പി ബാലസുബ്രഹ്‌മണ്യം അറിയിച്ചിരുന്നു. ഡോക്‌ടർമാർ ഹോം ക്വാറന്റൈനാണ് നിർദ്ദേശിച്ചതെങ്കിലും അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു.