ksfe

തൃശൂർ: കെ.എസ്.എഫ്.ഇക്ക് വെബ് പോർട്ടലും മൊബൈൽ ആപ്പും നിർമ്മിക്കാൻ ടെൻഡർ നൽകിയത് പൂർണമായും നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു.

14 കമ്പനികളാണ് താത്പര്യപത്രം സമർപ്പിച്ചത്. യോഗ്യരായ അഞ്ചു കമ്പനികൾ രണ്ടാംഘട്ട ടെൻഡർ നടപടികളിൽ പങ്കെടുക്കുകയും എ.ഐ വെയർ ടെക്‌നോളജി സിസ്‌റ്റംസ് (പ്രൈവറ്ര്) ലിമിറ്റഡ് എന്ന സ്‌റ്റാർട്ടപ്പ് കമ്പനി 67.14 ലക്ഷം രൂപയ്ക്ക് കരാർ നേടുകയും ചെയ്‌തു. ഈ കമ്പനി പിന്നീട് ക്ളിയർ ഐ എ.ഐ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരുമാറ്റി. ഇത്, രജിസ്ട്രാർ ഒഫ് കമ്പനീസും (എറണാകുളം), സോഫ്‌റ്ര്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഒഫ് ഇന്ത്യയും അംഗീകരിച്ചിട്ടുമുണ്ട്. കമ്പനീസ് ആക്‌ടനുസരിച്ച് തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്നതാണ് ക്ളിയർ ഐ. ടെൻഡർ നടപടി സംബന്ധിച്ച് ഏതന്വേഷണവും സ്വാഗതം ചെയ്യുന്നതായും ചെയർമാൻ പറഞ്ഞു.കാസ്‌ബ ആപ്ളിക്കേഷൻ തയ്യാറാക്കാൻ 2009ൽ നെസ്‌റ്റ് കൊച്ചിയെന്ന കമ്പനി കെ.എസ്.എഫ്.ഇയിൽ നിന്ന് കരാർ നേടിയെങ്കിലും 2017ലാണ് നടപ്പാക്കിയത്. 2016ൽ ഈ കമ്പനി എസ്.എഫ്.ഒ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരുമാറ്റി. കാസ്‌ബ ജോലികൾ ഇപ്പോഴും ചെയ്യുന്നത് ഈ കമ്പനിയാണ്. കാസ്‌ബയുടെ സെക്യൂരിറ്റി ഓഡിറ്റ് നടത്താൻ സി-ഡിറ്രിനെ കെ.എസ്.എഫ്.ഇ ചുമതലപ്പെടുത്തിയെങ്കിലും നിബോധയെന്ന കമ്പനി വഴിയാണ് അതവർ പൂർത്തിയാക്കിയത്. സി-ഡിറ്റുമായാണ് കെ.എസ്.എഫ്.ഇയുടെ കരാർ.

ഐ.ടി കൺസൾട്ടന്റായി ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ 2019ലാണ് ഗിരീഷ് ബാബുവിനെ കെ.എസ്.എഫ്.ഇ നിയമിച്ചത്. അദ്ദേഹത്തിന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചിട്ടില്ല. കെ.ബി. ശ്യാം കെ.എസ്.എഫ്.ഇയുടെ ഐ.ടി കൺസൾട്ടന്റല്ലെന്നും ചെയർമാൻ പറഞ്ഞു.

കെ.എസ്.എഫ്.ഇയ്‌ക്കായി പോർട്ടൽ: കരാറിൽ അഴിമതിയെന്ന് പി.ടി.തോമസ്

കൊച്ചി: കെ.എസ്.എഫ്.ഇയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും നിർമ്മിക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ സ്വജനപക്ഷപാതവും ക്രമക്കേടും നടന്നെന്ന് പി.ടി. തോമസ് എം.എൽ.എ ആരോപിച്ചു. പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷിന്റെ 46 ദിവസം മാത്രം പ്രായമായ എ.ഐ.വെയർ എന്ന കൺസോഷ്യം കൺസൾട്ടൻസി കരാർ സ്വന്തമാക്കിയശേഷം അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയിൽ ലയിച്ചു. ഇതോടെ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡാറ്റ അമേരിക്കൻ കമ്പനിയുടെ പക്കലായി. പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ ഏഷ്യാ റീജിയണൽ ഡയറക്ടർ മൈൽസ് എവെർസണാണ് ക്ലിയർ ഐയുടെയും ഡയറക്ടർ. മറ്റൊരു ഡയറക്ടറായ ജെയ്ക്ക് ബാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനി കൺസൾട്ടന്റുമാണ്. 2017ൽ കെ.എസ്.എഫ്.ഇയുടെ സോഫ്റ്റ് വെയർ സെക്യൂരിറ്റി ഓഡിറ്റ് നടത്താൻ നിബോധ എന്ന കമ്പനിയുടെ ഡയറക്ടർ ഗിരീഷ് ബാബുവിനെ 34.72 ലക്ഷം രൂപനൽകി കൺസൾട്ടന്റ് ആയി നിയമിച്ചതിലും ക്രമക്കേടുണ്ടെന്നും പി.ടി. തോമസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പി.ടി.തോമസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം : മന്ത്രി ഐസക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ സംബന്ധിച്ച പി.ടി.തോമസ് എം.എൽ.എയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. .കെ.എസ്.എഫ്.ഇ ചിട്ടികളിലെ വരിക്കാർക്ക് ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി പണമൊടുക്കാനും മറ്റും കഴിയും. ഇത് നിർമ്മിക്കാൻ കരാർ നൽകിയത് നടപടി ക്രമങ്ങൾ പാലിച്ചാണ്. ആദ്യം താല്പര്യപത്രം ക്ഷണിച്ചു. 14 കമ്പനികളാണ് പങ്കെടുത്തത്. പർച്ചേസ് കമ്മിറ്റി വിശദമായി പരിശോധിച്ച് 5 കമ്പനികളെ തിരഞ്ഞെടുത്തു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്കാണ് കരാർ നൽകിയത്. കേരള സർക്കാരിന്റെ ഇ-ടെൻഡർ സൈറ്റിലൂടെ മൂന്നു ഘട്ടങ്ങളുള്ള പ്രക്രിയ വഴിയാണ് അൽ വാരെ ടെക്നോളജിയെ തിരഞ്ഞെടുത്തത്. അതിന്റെ ഷെയർഹോൾ‌ഡർമാരിലൊരാൾ രവി പിള്ളയുടെ മകനായത് അഴിമതിയാണെന്ന വാദം വിചിത്രമാണ്. 67.14 ലക്ഷം രൂപയ്ക്ക് കരാർ .ഈ കമ്പനിയുടെ 51 ശതമാനം ഷെയർ ലിയർ ഐ അൽ എന്ന അമേരിക്കൻ കമ്പനി വാങ്ങി. ഈ പേരു മാറ്റം കമ്പനി രജിസ്ട്രാർ അംഗീകരിച്ചിട്ടുണ്ട്. പുതുക്കിയ പേര് പ്രകാരമുള്ള കമ്പനിയുടെ രജിസ്റ്റേർഡ് വിലാസം ടെക്‌നോപാർക്ക് കാമ്പസിലാണ്. 2009 ലാണ് കെ.എസ്.എഫ്.ഇയുടെ സോഫ്ടുവെയർ തയ്യാറാക്കാൻ നെസ്റ്റിന് കരാർ നൽകിയത്. ഇത് പൂർണ്ണമായും നടപ്പിലായത് 2017 ലാണ്. പിന്നീട് ഇത് ഓഡിറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 10 ലക്ഷത്തിനു മുകളിലുള്ള കരാറുകൾക്ക് ടെൻഡർ ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചാണ് നിബോധയയ്ക്ക് 34 ലക്ഷം രൂപയ്ക്ക് കരാർ കൊടുത്തതെന്ന ആരോപണവും ശരിയല്ല. കെ.എസ്.എഫ്.ഇ ഐ.ടി കൺസൾട്ടന്റിനെ തിരഞ്ഞെടുത്തതും വിദഗ്ദ്ധ സമിതി ഇന്റർവ്യൂ ചെയ്താണെന്ന് മന്ത്രി പറഞ്ഞു.