police

ശ്രീനഗർ: ശ്രീനഗറിലെ നൗസാമിൽ പൊലീസ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പരിക്കേറ്റ് ചികിത്സയിലാണ്.

നൗഗാം ബൈപാസിന് സമീപത്തു വച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. 715 ഐആർപി 20 ബറ്റാലിയനിലെ ഇഷ്ഫാക്ക് അയ്യൂബ്, 307 ഐആർപി 20 ബറ്റാലിയനിലെ ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചത്. സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് അഷ്‌റഫിനാണ് പരുക്കേറ്റത്. ജയ്ഷെ ഇ മുഹമ്മദാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഐജി വിജയ് കുമാർ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് ആക്രമണം. സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ച് പൊലീസ് പരിശോധന നടത്തി.