ലിസ്ബൺ : ഇത്തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് ക്വാർട്ടർ ഫൈനലിനിറങ്ങുന്നു. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ മറികടന്നെത്തിയ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീമിന്റെ അവസാന എട്ടിലെ എതിരാളി. റയൽ മാഡ്രിഡിനെയാണ് മാഞ്ചസ്റ്റർ സിറ്റി പ്രീ ക്വാർട്ടറിൽ കീഴടക്കിയിരുന്നത്.
ഇത്തവണ ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലിവർപൂളിന്റെ കുതിപ്പിന് മുന്നിൽ രണ്ടാമതാകേണ്ടിവന്ന സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിലൂടെ ഡാമേജ് മാനേജ് ചെയ്യാമെന്ന വിചാരത്തിലാണ്. പ്രിമിയർ ലീഗിൽ ലോക്ക്ഡൗണിന് ശേഷവും ചില തിരിച്ചടികൾ ഏറ്റെങ്കിലും റയലിനെതിരായ വിജയങ്ങൾ പെപ്പിനും കൂട്ടർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലോക്ക്ഡൗണിന് മുമ്പി നടന്ന ആദ്യ പാദ പ്രീക്വാർട്ടറിൽ 2-1ന് വിജയിച്ചിരുന്ന സിറ്റി രണ്ടാം പാദത്തിലും അതേമാർജിൻ ആവർത്തിക്കുകയായിരുന്നു.
മികച്ച ഫോമിലുളള റഹിം സ്റ്റെർലിംഗ്, ഗ്രിയേൽ ജീസസ്. കെവിൻഡി ബ്രുയാൻ,ഫോഡൻ , ഗുണ്ടോഗൻ,റോഡ്രി , ലാപോർട്ടേ തുടങ്ങിയവരാണ് സിറ്റിയുടെ കരുത്ത്. എഡേഴ്സണാണ് വലകാക്കുന്നത്.
ആദ്യപാദത്തിൽ 1-0ത്തിന് വിജയിച്ചിരുന്ന ലിയോൺ രണ്ടാം പാദത്തിൽ 1-2ന് തോറ്റെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ ക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. മെഫിസ് ഡെപ്പേയ്,എകാംബി,കോമ്മെറ്റ്,ഒൗവ്വാർ, മാഴ്സെലോ തുടങ്ങിയവരാണ് തുറുപ്പുചീട്ടുകൾ. ലോപ്പീയാണ് വലകാക്കുക.
ടി വി ലൈവ് : രാത്രി 12.30 മുതൽ സോണി സിക്സിൽ