ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് അഞ്ചുവയസ്.
ആ വിശേഷങ്ങൾ പ്രഭാസ് പങ്കുവയ്ക്കുന്നു
കോടിക്കണക്കിന് ആരാധകരാണ് ഒരു നായകന് പിന്നിൽ?
എല്ലാം വലിയ ഭാഗ്യം. ആരാധകരുടെ സ്നേഹമാണ് എന്റെ വിജയം, എന്റെ ശക്തി. ബാഹുബലിയെ അവർ ഏറ്റെടുത്തപ്പോൾ ഞാൻ അവരോട് അത്രയധികം കടപ്പെട്ടിരിക്കുന്നു.
ബാഹുബലി അവസാനിച്ചപ്പോൾ എന്താണ് മനസിൽ ?
ഇതുവരെ എനിക്ക് ബാഹുബലിയിൽ നിന്ന് മോചനം ലഭിച്ചിട്ടില്ല. പെട്ടെന്ന് മറക്കാൻ പറ്റുന്ന കഥാപാത്രമല്ലല്ലോ. ശരീരവും മനസും വർഷങ്ങളായി ബാഹുബലിക്കൊപ്പമായിരുന്നു. ഷൂട്ടിംഗിന്റെ അവസാനഘട്ടത്തിൽ എത്തിയപ്പോൾ സങ്കടം തോന്നി. ആ കഥാപാത്രത്തെ വിട്ടു പിരിയുന്നതിന്റെ വേദന. ഇനിയെന്തു ചെയ്യും എന്നൊക്കെ തോന്നിപ്പോയി. ആ കഥാപാത്രം അത്രയ്ക്ക് ആഴ്ന്നിറങ്ങി.
ബാഹുബലി ലോട്ടറിയായി കരുതുന്നുണ്ടോ?
ഒന്നാലോചിച്ച് നോക്കൂ... ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ നായകനാകുന്നതിനെപ്പറ്റി. ആർക്കും അദ്ഭുതം തോന്നുന്ന ഒരു കഥാപാത്രവും. ഹോ... എനിക്കുണ്ടായ മാനസിക സംഘർഷങ്ങളെക്കുറിച്ച് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഒരു ബ്രഹ് മാണ്ഡ സിനിമയുടെ രണ്ട് ഭാഗങ്ങളിൽ നായകനാവുകയെന്നത് ചെറിയ കാര്യമല്ല. മഹാഭാഗ്യം തന്നെയാണ്. ബാഹുബലി എന്നെപ്പോലുള്ളവരെ കൊതിപ്പിക്കുന്ന ചിത്രമാണ്. ഒരു തെലുങ്ക് ചിത്രമായി തുടങ്ങിയ ബാഹുബലി ഇന്ത്യൻ ചിത്രമായി വളർന്നത് ഒരു നടന് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. അത് ഞാൻ ശരിക്കും ആസ്വദിച്ചു.
ബാഹുബലിക്ക് വേണ്ടിയുള്ള നീണ്ട യാത്ര ?
വാക്കുകൾ കൊണ്ട് വിവരിക്കാൻ ബുദ്ധിമുട്ടുള്ളൊരു യാത്രയായിരുന്നു അത് . രാജമൗലിയെന്ന വലിയ സംവിധായകന്റെ ഏറ്റവും വലിയ സ്വപ്നത്തിന് പിന്നിലൂടെയുള്ള സഞ്ചാരം. സിനിമ തുടങ്ങിയ കാലത്ത് അനുഭവിച്ച പരീക്ഷണങ്ങൾ വളരെ വലുതായിരുന്നു.
ബാഹുബലിയുടെ ആദ്യഭാഗം അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയാവുമെന്നോർത്ത് ഭയമായിരുന്നു. ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ബാഹുബലിയുടെ ആദ്യഭാഗം എങ്ങനെ ക്ളിക്കായിയെന്ന് ചോദിച്ചവരുണ്ട്. അപ്പോഴാണ് ഒരു കാര്യം മനസിലായത് .പ്രേക്ഷകർ ആ ചോദ്യങ്ങളിലൊന്നും വീണില്ല . അവർ ഞങ്ങളുടെ കാഴ്ചപ്പാടിനെ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. ബാഹുബലി 2 ഇറങ്ങിയപ്പോൾ ആ ആത്മവിശ്വാസമുണ്ടായിരുന്നു.
ഒരു സിനിമയ്ക്കുവേണ്ടി മറ്റ് സിനിമകൾ വേണ്ടെന്ന് വച്ചത് ശരിയായോ?
അതിൽ എനിക്ക് പശ്ചാത്താപമില്ല. ഞാൻ രാജമൗലിയുടെ സ്വപ്നത്തിൽ നൂറുശതമാനം വിശ്വസിച്ചിരുന്നു. ഞാൻ ചെയ്യുന്നത് മണ്ടത്തരമാണെന്ന് സുഹൃത്തുക്കൾ പലരും പറഞ്ഞു. ഇതൊരു സാധാരണ സിനിമയല്ല, ആജീവനാന്തം ആളുകൾ ഓർമിക്കുന്നതാണ്. അതുകൊണ്ട് മറ്റുസിനിമകൾ ചെയ്യുന്നതിനിടയിൽ ഇതും ചെയ്യാമെന്ന് വിചാരിച്ചിരുന്നെങ്കിൽ മണ്ടത്തരമായേനെ.
ബാഹുബലിയിൽ ത്രില്ലടിപ്പിച്ചത് എന്തൊക്കെ ?
നോക്കൂ, ചിലരെ ക്രിക്കറ്റ് ത്രില്ലടിപ്പിക്കും. മറ്റുചിലരെ കാഴ്ച ബംഗ്ളാവിലെ കാഴ്ചകളും. എനിക്കും അതുപോലൊരു ത്രില്ലായിരുന്നു ബാഹുബലി. തിരക്കഥ വായിച്ചപ്പോൾ മുതൽ അതിലേക്ക് എന്റെ മനസ് ആകർഷിച്ചു.
ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ത്രിൽ രണ്ടുമടങ്ങായി. യുദ്ധരംഗങ്ങളുടെ ചിത്രീകരണം, ആയുധ പരിശീലനം, മനോഹരമായ സെറ്റുകൾ, ലൊക്കേഷനുകൾ അങ്ങനെ എല്ലാം ആകർഷണീയമായിരുന്നു. കുതിരസവാരി എനിക്ക് സ്പോർട്സ് പോലെയും ഷൂട്ടിംഗ് ലൊക്കേഷൻ കാഴ്ച ബംഗ്ളാവ് പോലെയുമായിരുന്നു.
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന വലിയ ചോദ്യം പ്രതീക്ഷിച്ചിരുന്നോ?
ഇല്ല. ആ ചോദ്യം ഇത്രത്തോളം ചർച്ചാവിഷയമാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. സിനിമ അവസാനിപ്പിക്കാൻ തിരഞ്ഞെടുത്ത ഒരു രംഗമായിരുന്നു അത്. പക്ഷേ അത് ലോകം മുഴുവൻ പ്രചരിച്ച് അടുത്ത സിനിമയ്ക്കുള്ള ആവേശമായി മാറി. ഷൂട്ടിംഗിനിടയിൽ പുറത്തിറങ്ങുമ്പോൾ കൂട്ടുകാരും ബന്ധുക്കളും വളഞ്ഞിട്ട് ചോദിക്കും എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന്. ഒരു പക്ഷേ ആ ചോദ്യമാണ് ബാഹുബലി 2 വിലേക്ക് നയിച്ചത്.
നിർമ്മാതാക്കൾക്ക് ടെൻഷനുണ്ടായിരുന്നോ?
ഒരു ടെൻഷനും തരാത്ത നിർമ്മാതാക്കളെയാണ് ബാഹുബലിക്ക് കിട്ടിയത്. ബാഹുബലിയുടെ ഒന്നാം ഭാഗം തുടങ്ങുമ്പോൾ തന്നെ എന്ത് ബഡ്ജറ്റാകുമെന്ന് ഒരു ധാരണയുമില്ലായിരുന്നു. എന്നാൽ നിർമ്മാതാക്കളുടെ മുഖത്ത് ഒരിക്കലും ആശങ്കയോ ദേഷ്യമോ കണ്ടിട്ടില്ല. അത് തന്നെ ഞങ്ങൾക്ക് വലിയ അനുഗ്രഹമായിരുന്നു.
ബാഹുബലിയുടെ ചിത്രീകരണ അനുഭവം?
ഓരോ ദിവസവും പുതിയ അനുഭവങ്ങളായിരുന്നു. ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോയത്. ഒരു തെറ്റു പോലും കടന്നു കൂടാതിരിക്കാൻ ആയിരത്തോളം ടെക ്നിഷ്യൻമാരുണ്ടായിരുന്നു. ടേക്കുകൾ ഒരുപാട് പോവാതിരിക്കാൻ ഏറെ ശ്രദ്ധിക്കണമായിരുന്നു. കാരണം ഒരു ടേക്ക് നഷ്ടമായാൽ അടുത്ത ടേക്കിന് വേണ്ടി എല്ലാ സജ്ജീകരണങ്ങളും വീണ്ടും ഒരുക്കണം. അതിന് മണിക്കൂറുകൾ വേണ്ടിവരും. പലപ്പോഴും വീണ്ടുമൊരു ടേക്ക് എന്ന് പറയാൻ തന്നെ വിഷമം തോന്നിയിട്ടുണ്ട്.
ബാഹുബലിയിലെ പാറകയറ്റം ശ്രദ്ധിക്കപ്പെട്ടല്ലോ?
ആദ്യമൊക്കെ നല്ല ടെൻഷനായിരുന്നു. കാരണം ഞാൻ അതുവരെയും ഒരു കൊച്ചുപാറയിൽ പോലും വലിഞ്ഞുകയറിയിട്ടില്ല. സിനിമയ്ക്ക് വേണ്ടി ചെയ്തപ്പോൾ അത് ഒരു അനുഭവം തന്നെയായിരുന്നു. പാറകയറ്റം പഠിപ്പിക്കാൻ എനിക്ക് കുറേ ട്രെയിനർമാർ ഉണ്ടായിരുന്നു. രണ്ട് വിരലുകൾ മാത്രം ഉപയോഗിച്ചുള്ള അഭ്യാസമാണത്. ഇപ്പോൾ പാറകയറ്റം ഹരമാണ്.
ബാഹുബലിയാകാനുള്ള ഹോംവർക്ക്?
നാലുവർഷമാണ് ആ കഥാപാത്രം എനിക്കൊപ്പം നടന്നത്. അതായിരുന്നു എന്റെ ഹോംവർക്ക്.രണ്ട് കഥാപാത്രങ്ങളായി മാറണമായിരുന്നു. 84 കിലോയിരുന്ന ശരീരഭാരം ആറ് മാസം കൊണ്ട് നൂറ്റിരണ്ടിലെത്തിച്ചു. അതിനായി 40 മുട്ടയുടെ വെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത് . ആയോധനകല അഭ്യസിച്ചു. വടിവൊത്ത മസിലുകൾക്കായി ഒന്നര കോടിയുടെ ജിംനേഷ്യം സ്വന്തമായി വാങ്ങി.
പ്രഭാസ് ഇനി ബാഹുബലി എന്നറിയപ്പെടുമോ?
സാദ്ധ്യതയുണ്ട്. ആരാധകർ എന്നെ ബാഹുബലിയായാണ് കാണുന്നത്. ബാഹുബലിക്ക് മുൻപേ അവർ എന്നെ ഇഷ്ടത്തോടെ റിബൽ സ്റ്റാർ, ഡാർലിംഗ് എന്നൊക്കെ വിളിക്കുമായിരുന്നു.
ഇനി ബോളിവുഡിൽ കാണാമോ?
ബാഹുബലിക്ക് ശേഷം ബോളിവുഡിൽ നിന്ന് ധാരാളം അവസരങ്ങൾ വരുന്നുണ്ട്. കാത്തിരിപ്പിൽ നേട്ടം കൊയ്യാൻ കഴിയുമെന്നാണ് എന്റെ ജീവിതം പഠിപ്പിച്ചത്...നല്ലത് സംഭവിക്കും. ഇനിയും കാത്തിരിക്കാം.
സിനിമാബന്ധമുള്ള കുടുംബം സിനിമയിലെത്താൻ സഹായിച്ചോ?
സിനിമയിലേക്കുള്ള വരവ് വളരെ എളുപ്പമായിരുന്നെങ്കിലും പഠിത്തത്തിനായിരുന്നു ആദ്യ പരിഗണന. ഹൈദരാബാദിലെ ശ്രീചൈതന്യ കോളേജിലാണ് ബി.ടെക് പഠിച്ചത്. അതിന് ശേഷമാണ് സിനിമയിലെത്തിയത്. അച്ഛൻ സൂര്യ നാരായണ രാജു സിനിമാനിർമ്മാതാവായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. തെലുങ്ക് നടൻ കൃഷ്ണം രാജു അച്ഛന്റെ സഹോദരനാണ്. അച്ഛൻ അവസാനമായി നിർമ്മിച്ചത് എന്റെ ബില്ല എന്ന സിനിമയാണ്. അച്ഛൻ നിർമ്മിച്ച എല്ലാ സി നിമയിലും ചെറിയച്ഛൻ കൃഷ്ണം രാജുവായിരുന്നു നായകൻ.
സൗഹൃദങ്ങൾ?
ഒരുപാട് പേരുമായി സൗഹൃദമുണ്ടെങ്കിലും വളരെ അടുത്ത സുഹൃത്തുക്കൾ കുറവാണ്. സിനിമയിൽ ഗോപിചന്ദും അല്ലു അർജ്ജുനും ബാഹുബലിയിലെ വില്ലൻ റാണയുമാണ് പ്രിയ കൂട്ടുകാർ.
പ്രിയ നായികമാർ?
അനുഷ്ക ഷെട്ടിയും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണ്. അനുഷ്കയെപ്പോലെ തന്നെയാണ് തമന്നയും.