ന്യൂഡൽഹി: മാലിദ്വീപിന് ധനസഹായ പ്രഖ്യാപനവുമായി ഇന്ത്യ രംഗത്ത്. മാലിദ്വീപ് തലസ്ഥാനമായ മാലിയുമായി അടുത്ത് കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതടക്കമുള്ള അടിസ്ഥാന വികസന പദ്ധതികൾക്കായി 500 ദശലക്ഷം ഡോളർ സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. മാലിയുടെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയാണ് ഗ്രേറ്റർ മാലി കണക്ടിവിറ്റി പ്രോജക്ട്. മേഖലയിലെ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.
ദ്വീപ് വിദേശ കാര്യ മന്ത്രി അബ്ദുള്ള ഷാഹിദിനോട് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് സഹായ ധന പ്രഖ്യാപനത്തിന്റെ കാര്യം അറിയിച്ചത്. മാലി കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായി 100 ദശലക്ഷം ഡോളർ ഗ്രാന്റായും 400 ദശലക്ഷം വായ്പയായിട്ടുമാണ് കൈമാറുക. വില്ലിംഗിലി, ഗുല്‍ഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളെയാണ് മാലിയുമായി ബന്ധിപ്പിക്കുന്നത്. ഈ പദ്ധതി പൂർത്തിയായാൽ, നാല് ദ്വീപുകൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. അതുവഴി മാലി മേഖലയിലെ സമഗ്ര നഗരവികസനം ഉണ്ടാകുകയും ചെയ്യും. ദ്വീപ് രാഷ്ട്രത്തെ ഇന്ത്യയുമായി കൂടുതൽ ചേർത്ത് നിറുത്താനാണ് ഇപ്പോഴുള്ള സഹായ പ്രഖ്യാപനങ്ങൾ കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്.
തന്റെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സഹായം വാഗ്ദ്ധാനം ചെയ്ത ഇന്ത്യൻ സർക്കാരിനോട് വിദേശകാര്യ മന്ത്രി ഷാഹിദ് നന്ദി അറിയിച്ചു. ഗ്രേറ്റർ മാലെ കണക്ടിവിറ്റി പദ്ധതി ഇന്ത്യ-മാലിദ്വീപ് ബന്ധത്തിലെ ഒരു പുതിയ നാഴികക്കല്ലായിരിക്കുമെന്നും, മാലിദ്വീപിന്റെ സാമ്പത്തിക, വ്യാവസായിക പരിവർത്തനത്തെ വേഗത്തിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി പറഞ്ഞ് പ്രസിഡന്റ് സോളിഹ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് മാലിദ്വീപിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് മോദി പ്രതികരിച്ചു.