തുറന്ന് പ്രതികരിച്ചാൽ സിനിമയിൽ അവസരം
കിട്ടുമോയെന്ന് പലരും ചോദിച്ചു.
എനിക്ക് അമ്മയുടെ സ്വഭാവമാണ്. തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന
സ്വഭാവമാണ് അമ്മയുടേത്. നിലപാട് വ്യക്തമാക്കി സാനിയ അയ്യപ്പൻ
സ്വന്തം ലേഖകൻ
ഒരിക്കൽ ബംഗ് ളൂരു യാത്രയ്ക്കിടയിൽ ഷോട്സും ടോപ്പും ധരിച്ച് നിൽക്കുന്ന തന്റെ ചിത്രം സാനിയ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഒരുവന്റെ കമന്റ് വന്നു: '' മണിക്കൂറിന് എത്രയാ റേറ്റ്?""
പത്താം ക്ളാസിൽ പഠിക്കുന്ന ഒരു പതിനഞ്ചുകാരിയോടുള്ള ആ ചോദ്യത്തിന് മുന്നിൽ സാനിയ പകച്ചില്ല. പകരം ഫേസ്ബുക്ക് ലൈവിൽ വന്ന് ആ ഞരമ്പ് രോഗിയെ പൊളിച്ചടുക്കി.
മനുഷ്യനെന്ന് പോലും വിളിക്കാനാവാത്ത ഇത്തരം വിചിത്ര ജന്തുക്കളെ എന്ത് ചെയ്യണമെന്ന് സാനിയയുടെ ചോദ്യത്തിന് സോഷ്യൽ മീഡിയ ഒറ്റക്കെട്ടായി മറുപടി പറഞ്ഞു: ''തല്ലിക്കൊല്ലണം.""
സർപ്രൈസ് ഹിറ്റായ ക്വീനിലെ നായികയായി വന്ന് പ്രേക്ഷക മനസുകളിലിടം പിടിച്ച സാനിയയ്ക്ക് ഓരോ കാര്യത്തിലും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. അത് തുറന്നുപറയാൻ ഈ കൗമാരക്കാരിക്ക് തെല്ലും മടിയില്ല.
ഞരമ്പുരോഗികളുടെ കമന്റുകൾ കേട്ട് തളർന്നിരിക്കാതെ പ്രതികരിക്കുകയും പോരാടുകയുമാണ് പെൺകുട്ടികൾ ചെയ്യേണ്ടതെന്നാണ് സാനിയയുടെ പക്ഷം.
''എന്റെ മറുപടി കിട്ടാനാണ് മോശം കമന്റിട്ടതെന്ന് പിന്നീടയാൾ ക്ഷമ യാചിച്ച് കൊണ്ട് എന്നോട് പറഞ്ഞു. വിശന്ന് വലഞ്ഞപ്പോൾ ഭക്ഷണം മോഷ്ടിക്കേണ്ടി വന്ന മധു എന്ന പാവം ചേട്ടനെ തല്ലിക്കൊന്നവർ ഇത്തരം ഞരമ്പുരോഗികളെ തല്ലിക്കൊല്ലാനുള്ള മനസാണ് കാണിക്കേണ്ടത്. അങ്ങനെയേ നമ്മുടെ നാട് നന്നാവൂ. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. എന്ത് വസ്ത്രം ധരിക്കുന്നുവെന്നതിലല്ല മറ്റുള്ളവർ അതെങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് പ്രശ്നം. കാഴ്ചപ്പാടാണ് മാറേണ്ടത്. മോഡേൺ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെല്ലാം മോശക്കാരാണെന്ന ധാരണയും മാറണം.
തുറന്ന് പ്രതികരിച്ചപ്പോൾ ഇനി സിനിമയിൽ അവസരം കിട്ടുമോയെന്നൊക്കെ പലരും ചോദിച്ചു. എനിക്ക് അമ്മയുടെ സ്വഭാവമാണ്. തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന സ്വഭാവമാണ് അമ്മയുടേത്. അമ്മയ്ക്കറിയാം എന്നെ. പക്ഷേ അച്ഛന് ഇത്തിരി ടെൻഷനുണ്ടായിരുന്നു. സംവിധായകരൊക്കെ എന്ത് കരുതുമെന്നോർത്ത്.""
വാക്ക് കൊണ്ട് മാത്രമല്ല, വേണ്ടിവന്നാൽ കൈയൂക്ക് കൊണ്ടും ഒരു പൂവാലനെ നേരിടാനുള്ള തന്റേടമുണ്ട് സാനിയയ്ക്ക്.''അമ്മ യോഗ ടീച്ചറായിരുന്നു. ചെറുപ്പം മുതലേ യോഗ പഠിക്കുന്നത് കൊണ്ട് ശരീരം നന്നായി വഴങ്ങും. ആത്മവിശ്വാസവും കൂടും."" സാനിയ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് ബാല്യകാലസഖിയിൽ ഇഷാ തൽവാറിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് സാനിയ സിനിമയിലെത്തിയത്.''ഓഡിഷൻ വഴിയാണ് ആ സിനിമയിൽ അവസരം ലഭിച്ചത്. അന്നത്തെ ലൊക്കേഷൻ അനുഭവങ്ങളൊന്നും ഓർമയില്ല. അന്ന് ഞാൻ തീരെ ചെറിയ കുട്ടിയല്ലേ:""
സാനിയ മൂന്നാം ക്ളാസ് മുതലാണ് ഡാൻസ് പഠിച്ച് തുടങ്ങിയത്.
''ക്ളാസിക്കൽ എട്ടുവർഷം പഠിച്ചു. സൂപ്പർ ഡാൻസർ, ഡി ഫോർ ഡാൻസ് തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ശേഷമാണ് നായികയാകാനുള്ള ഓഫർ വന്നത്. ക്വീൻ എന്ന സിനിമയുടെ ഡയറക്ടറും മറ്റും ചാനൽ ഓഫീസിൽ ചെന്ന് എന്നെപ്പറ്റി അന്വേഷിക്കുകയായിരുന്നു.
ക്വീനിലെ ചിന്നു എന്ന കഥാപാത്രത്തിൽ എവിടെയൊക്കെയോ ഞാനുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരു ചിരികൊണ്ട് എല്ലാവരിലും പോസിറ്റീവ് എനർജി നിറയ്ക്കാൻ കഴിവുള്ള പെൺകുട്ടി. ആദ്യ കാഴ്ചയിൽ ഒരുപക്ഷേ എല്ലാവർക്കും അവളെ ഇഷ്ടമായെന്ന് വരില്ല. പക്ഷേ പതിയെ പതിയെ അവളെ ഇഷ്ടപ്പെടാൻ തുടങ്ങും. എന്നെപ്പോലെ.ഡാൻസാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.
ക്വീനിന് ശേഷം കുറെ കഥകൾ കേട്ടെങ്കിലും ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞേ ഇനി സിനിമയെപ്പറ്റി ചിന്തിക്കുന്നുള്ളൂ. ഇടയ്ക്ക് പാര എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നതായി വാർത്ത വന്നു. ആ സിനിമയുടെ ഡയറക്ടർ വന്ന് കഥ പറഞ്ഞപ്പോൾ തന്നെ ഞാൻ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞതാണ്. പക്ഷേ അവർ എന്റെ പേരും വച്ച് വാർത്ത കൊടുത്തു. എന്റെ അനുവാദമില്ലാതെ അങ്ങനെയൊരു വാർത്ത കൊടുത്തതിലുള്ള പ്രതിഷേധം ഞാൻ അവരെ അറിയിച്ചിരുന്നു.
നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളെയാണ് കാത്തിരിക്കുന്നത്. ക്വീനിലെ എന്റെ പെർഫോമൻസ് കണ്ടിട്ട് ഒരുപാട് പേർ അഭിനന്ദിച്ചെങ്കിലും ഇനിയും നന്നാക്കാമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയും ഡാൻസും പോലെ ഞാൻ ഇഷ്ടപ്പെടുന്ന പ്രൊഫഷനാണ് ഫാഷൻ ഡിസൈനിംഗ്. ധരിക്കുന്ന വസ്ത്രങ്ങളിലും ഫാഷനിലുമൊക്കെ ശ്രദ്ധിക്കുന്നയാളാണ് ഞാൻ.ഫാഷൻ ഡിസൈനിംഗ് പഠിച്ചാൽ ഞാൻ ധരിക്കേണ്ട വസ്ത്രങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്യാമല്ലോ.""
പഠിക്കാൻ ഞാനൊരു ശരാശരിക്കാരിയാണ്. നളന്ദ സ്കൂളിലാണ് പഠിച്ചിരുന്നത്. ടെലിവിഷൻ പ്രോഗ്രാമും മറ്റുമായി അറ്റൻഡൻസ് പ്രശ്നമായപ്പോഴാണ് ഓപ്പൺ സ്കൂളിലേക്ക് മാറിയത്.