ipl-chennai

ചെന്നൈ : യു.എ.ഇയിൽ അടുത്തമാസം തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പരിശീലന ക്യാമ്പിനായി ചെന്നൈ സൂപ്പർകിംഗ്സ് ക്രിക്കറ്റ് താരങ്ങൾ ചെന്നൈയിലെത്തിത്തുടങ്ങി. ആറു ദിവസത്തെ ക്യാമ്പാണ് ചെന്നൈയിൽ നടക്കുന്നത്. സുരേഷ് റെയ്ന, ദീപക് ചഹർ, പിയൂഷ് ചൗള, ബരീന്ദർ സ്രാൻ തുടങ്ങിയവർ ‍ഡൽഹിയിൽനിന്ന് വിമാന മാർഗമാണ് ചെന്നൈയിലെത്തിയത്. തങ്ങൾ വിമാന ജീവനക്കാർക്കൊപ്പം നിൽക്കുന്ന ചിത്രം സുരേഷ് റെയ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇന്നാണ് ക്യാമ്പ് തുടങ്ങുന്നത്. ക്യാംപിനു ശേഷം ഈ മാസം 22ന് ചെന്നൈ താരങ്ങൾ ചാർട്ടേഡ് വിമാനത്തിൽ യു.എ.ഇയിലേക്കു പോകും.

കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി റാഞ്ചിയിൽനിന്ന് ചെന്നൈയിലെത്തും. വെറ്ററൻ താരം ഹർഭജൻ സിംഗും ക്യാമ്പിനെത്തുന്നുണ്ട്. അതേസമയം, മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്, ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസ്സി എത്തുമെന്ന് ഉറപ്പില്ല. ബൗളിംഗ് പരിശീലകൻ ലക്ഷ്മിപതി ബാലാജി മാത്രമാണ് ക്യാമ്പിനുണ്ടാവുക.

അതേസമയം, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആൾറൗണ്ടർ രവീന്ദ്ര ജഡേജ ക്യാമ്പിൽനിന്ന് പിൻമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വനിതാ പൊലീസ് കോൺസ്റ്റബിളുമായി ജഡേജയും ഭാര്യ റീവ സോളങ്കിയും ഗുജറാത്തിൽ നടുറോഡിൽവച്ച് വാഗ്വാദത്തിൽ ഏർപ്പെട്ടത് വാർത്തയായിരുന്നു. ജഡേജയുടെ ഭാര്യ മാസ്ക് ധരിക്കാത്തത് പൊലീസ് ചോദ്യം ചെയ്തതാണ് വാഗ്വാദത്തിലേക്കു നയിച്ചത്.