ലിസ്ബൺ : തനിക്ക് ലഭിച്ച മാൻ ഒഫ് ദ മാച്ച് പുരസകാരം തന്നെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച കൂട്ടുകാരന് നൽകി പി.എസ്.ജി താരം നെയ്മർ മാതൃകയായി. യുവേഫ ചാമ്പ്യൻസ് ലീഗിൽ കാൽ നൂറ്റാണ്ടു നീളുന്ന കാത്തിരിപ്പിനുശേഷം ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സെമിയിലെത്തിച്ചതിന് ശേഷമായിരുന്നു നെയ്മറുടെ പ്രവൃത്തി. സഹതാരം എറിക് മാക്സിം ചോപ്പോ മോട്ടിംഗിനാണ് നെയ്മർ പുരസകാരം കൈമാറിയത്.
അറ്റലാന്റയ്ക്കെതിരായ ക്വാർട്ടർ മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ പാഴാക്കിയിരുന്ന നെയ്മർ ഇൻജുറി ടൈമിലെ രണ്ടു ഗോളിനും വഴിയൊരുക്കി തോൽവിയുടെ വക്കിൽനിന്നും കൈപിടിച്ച് കയറ്റിയതിനാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചത്. ആദ്യപകുതിയിൽ പിഎസ്ജി ആക്രമണം നയിച്ച നെയ്മർ, ചില അനായാസ അവസരങ്ങൾ തുലച്ചിരുന്നു. എന്നാൽ, 90, 90+ 3 മിനിറ്റുകളിലായി പിഎസ്ജിയുടെ വിധി മാറ്റിയെഴുതിയ രണ്ടു ഗോളിലും നെയ്മർ സ്പർശമുണ്ടായിരുന്നു. ഈ പ്രകടനത്തിനാണ് താരത്തിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചത്.
നെയ്മറിനൊപ്പം പിഎസ്ജിയുടെ രണ്ടു ഗോളിനു പിന്നിലും പ്രവർത്തിച്ച മറ്റൊരു താരമായിരുന്നു ജർമനിയിൽ ജനിച്ച് കാമറൂണിനായി കളിക്കുന്ന മുപ്പത്തിയൊന്നുകാരൻ ചോപ്പോ മോട്ടിംഗ്. മാർക്വീഞ്ഞോസ് നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയ നെയ്മറിന് ബോക്സിനു പുറത്തുനിന്ന് തകർപ്പൻ ക്രോസിലൂടെ പന്തെത്തിച്ചത് മോട്ടിംഗായിരുന്നു. അറ്റലാന്റ ബോക്സിന്റെ ഇടതുഭാഗത്ത് ഈ ക്രോസ് പിടിച്ചെടുത്ത് നിയന്ത്രിച്ചാണ് നെയ്മർ മാർക്വീഞ്ഞോസിന് മറിച്ചത്. പിന്നീട് നെയ്മറിൽനിന്ന് എംബപ്പെ വഴി ലഭിച്ച പന്തിന് ഗോളിലേക്ക് വഴികാട്ടി വിജയശിൽപിയായതും മോട്ടിംഗ് തന്നെ.