തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് ജില്ലയിൽ 310 പേർക്കാണ് കൊവിഡ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതിൽ 300 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. അതേസമയം ജില്ലയിൽ 199 പേർക്ക് രോഗം ഭേദമായതായും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലുണ്ടായ ആറ് മരണങ്ങളും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80) എന്നിവരിലാണ് രോഗബാധ കണ്ടെത്തിയത്.
സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന വിവരപ്രകാരം ജില്ലയിൽ രോഗം മൂലം ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 3600 കടന്നിരിക്കുകയാണ്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9000ത്തിലേക്കും അടുക്കുന്നു.
തിരുവന്തപുരത്തെ കൂടാതെ, സംസ്ഥാനത്ത് മറ്റ് അഞ്ച് ജില്ലകളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് നൂറിന് മുകളിലാണ്. ജില്ലകളിലെ കൊവിഡ് കണക്ക് ഇനി പറയുന്നു. മലപ്പുറം 198, പാലക്കാട് 180, എറണാകുളം 114, ആലപ്പുഴ 113, കോട്ടയം 101. അതേസമയം കോഴിക്കോട് ജില്ലയിൽ 99 പേർക്കാണ് ഇന്ന് രോഗബാധ ഉണ്ടായിരിക്കുന്നത്.