de-villierrs

കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മുൻ നായകൻ എ.ബി ഡിവില്ലിയേഴ്സിനെ പ്രതിക്കൂട്ടിലാക്കി വംശീയ വിവാദം. 2015ൽ ഇന്ത്യൻ പര്യടനം നടത്തിയിരുന്ന ദക്ഷിണാഫ്രിക്കൻ ടീമിലെ കറുത്ത വർഗക്കാരനായ ഖയ സോണ്ടോയെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാൽ താൻ ടീമിൽനിന്ന് പിൻവാങ്ങുമെന്ന് അന്ന് ക്യാപ്ടനായിരുന്ന ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് വിവാദത്തിന് തിരിതെളിച്ചത്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നോർമൻ ആരെൻഡ്സെയാണ് വെളിപ്പെടുത്തൽ നടത്തിയത്. സോണ്ടോയെ ഒഴിവാക്കിയതിനെതിരെ അന്നുതന്നെ താരങ്ങളിൽ ചിലർ രംഗത്തുവന്നിരുന്നു.

ഇന്ത്യൻ പര്യടനത്തിലെ അഞ്ചാം ഏകദിത്തിനു തലേന്ന് സാധ്യതാ ഇലവൻ തയാറാക്കിയപ്പോൾ അതിൽ സോണ്ടോയുടെ പേരും ഉൾപ്പെട്ടിരുന്നുവെന്നാണ് ആരെൻഡ്സെയുടെ വെളിപ്പെടുത്തൽ. അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്ന സോണ്ടോ കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുൻപു മാത്രം അന്തിമ ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പരമ്പരയ്ക്കിടെ പരിക്കേറ്റ ജെ.പി. ഡുമിനിക്കു പകരം ദക്ഷിണാഫ്രിക്കയിൽനിന്ന് വിളിച്ചുവരുത്തിയ ഡീൻ എൽഗറാണ് കളിച്ചത്.

തുടക്കം മുതൽ ടീമിനൊപ്പമുണ്ടായിരുന്ന സോണ്ടോയ്ക്ക് കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. പിന്നീട് മൂന്നു വർഷങ്ങൾക്കുശേഷം 2018 ഫെബ്രുവരിയിൽ സെഞ്ചൂറിയനിൽവച്ച് ഇന്ത്യയ്‌ക്കെതിരെ തന്നെയാണ് സോണ്ടോ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ കളിക്കാൻ കഴിഞ്ഞത് അഞ്ച് ഏകദിനങ്ങളിൽ മാത്രം.

പരമ്പരയ്ക്കു ശേഷം ടീമിലെ കറുത്ത വർഗക്കാരായ താരങ്ങൾ ചേർന്ന് ‘ബ്ലാക്ക് പ്ലേയേഴ്സ് യൂണിറ്റി’ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോണ്ടോയുമായി ബന്ധപ്പെട്ട വിവാദത്തിൽ ദക്ഷിണാഫ്രിക്കൻ ബോർഡിന് കത്തയച്ചിരുന്നു. സംവരണ തീരുമാനപ്രകാരം നിശ്ചിത എണ്ണം കറുത്തവർഗക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അവരെ ടീമംഗങ്ങൾക്ക് വെള്ളം ചുമക്കാൻ മാത്രം നിയോഗിക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേക്കുറിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ താരം ആഷ‌്‌വെൽ പ്രിൻസും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.കുറച്ചു നാൾ മുമ്പ് ടീമിൽ തനിക്ക് നേരിട്ടിരുന്ന അവഹേളനങ്ങളെക്കുറിച്ച് മുൻ താരം മഖായ എന്റിനിയും വെളിപ്പെടുത്തിയിരുന്നു.