ന്യൂഡൽഹി: എയിംസ് ആശുപത്രിയിലെ ഡോക്ടറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എയിംസിലെ മുതിർന്ന ഡോക്ടർ മോഹിത് സിംഗ്ലയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തുന്നത്. ഇതിനാൽ തന്നെ മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ മുറിയ്ക്കുളളിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.
ഡൽഹി എയിംസ് ആശുപത്രിയിലെ മൂന്നാമത്തെ ഡോക്ടറുടെ ദുരൂഹമരണമാണിത്. ജൂലായ് 10ന് 25 കാരനായ ഡോക്ടർ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹത്തിന് വിഷാദ രോഗമായിരുന്നുവെന്നും പറയപ്പെടുന്നു. ആഗസ്റ്റ് 10ന് എയിംസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയും കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ മോഹിത് സിംഗ്ലയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.