vac

മോസ്കോ: റഷ്യയുടെ കൊവിഡ് 19 പ്രതിരോധ വാക്സിൻ സ്പുട്നിക് 5 സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടെ വാക്സിൻ ഗവേഷണ വിവരങ്ങൾ പുറത്തുവിടുമെന്ന് വ്യക്തമാക്കി റഷ്യൻ സർക്കാർ. തിങ്കളാഴ്ചയോടെ വാക്സിൻ ഗവേഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖൈൽ മുരഷ്കോ വ്യക്തമാക്കിയതായാണ് വിവരം. റഷ്യയുടെ വാക്സിനെതിരെ നിരവധി ആരോഗ്യ ഏജൻസികൾ രംഗത്തു വന്നതിനു പിന്നാലെയാണ് വാക്സിന്റെ പ്രീ ക്ലിനിക്കൽ, ക്ലിനിക്കൽ പരീക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാനുള്ള തീരുമാനം. ലോകത്ത് ആദ്യമായി കൊവിഡ് പ്രതിരോധ വാക്സിൻ പുറത്തിറക്കിയത് റഷ്യയാണെങ്കിലും റഷ്യൻ വാക്സിൻ ഗവേഷണത്തിന്റെ സുതാര്യത സംബന്ധിച്ചാണ് ആശങ്ക നിലനിൽക്കുന്നത്. റഷ്യയുടെ വാക്സിൻ പരീക്ഷണം വേണ്ടത്ര നടന്നിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്.