കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ നെയ്മറും ഏയ്ഞ്ചൽ ഡി മരിയയും കിലിയൻ എംബാപ്പെയും നിറഞ്ഞു കളിച്ച പാരീസ് സെന്റ് ഷെർമെയ്ന്റെ കരുത്തിനുമുന്നിൽ ആർ.ബി ലെയ്പസിംഗ് വീണിരിക്കാം. പക്ഷേ യൂറോപ്പിൽ അവർ ഒരു പതിറ്റാണ്ടിനകം അവർ നടത്തിയ വീരഗാഥയുടെ തിളക്കം ഒട്ടും കുറയുന്നില്ല.
നൂറ്റാണ്ടുകൾ പിന്നിട്ട വമ്പൻ ക്ളബുകൾ പലതും കൊമ്പുകുത്തി വീണിടത്താണ് പിറവിയെടുത്ത് 11-ാം കൊല്ലം ആർ.ബി ലെയ്പ്സിഗ് യൂറോപ്പിലെ ഫസ്റ്റ് ഡിവിഷൻ ഫുട്ബാളിന്റെ സെമിഫൈനലിൽ കളിച്ചത്. 2009ൽ ജർമ്മനിയിലെ നാലാം ഡിവിഷനിൽ കളിച്ചു തുടങ്ങിയ കുഞ്ഞൻ ക്ളബിന്റെ ഇത്രയും വേഗത്തിലുള്ള വളർച്ച ഫുട്ബാൾ രംഗത്തുള്ളവർ മാത്രമല്ല ക്ളബ് ഉടമകൾ പോലും അത്ഭുതത്തോടെയാണ് കാണുന്നത് എന്നതാണ് സത്യം.
ആസ്ട്രിയൻ എനർജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുള്ളിന്റെ ഉടമസ്ഥതയിൽ 2009ലാണ് കിഴക്കൻ ജർമ്മനിയിൽ ലെയ്പ്സിഗിന്റെ ജനനം. ഒരു പ്രാദേശിക ക്ളബായിരുന്ന എസ്.എസ്.വി മാർക്കാൻസ്റ്റെഡിനെ പേരുമാറ്റി ലെയ്പസിഗാക്കുകയായിരുന്നു റെഡ്ബുൾ. ആസ്ട്രിയൻ ലീഗിൽ ആർ.ബി സാൽസ്ബർഗ് എന്നൊരു ക്ളബും ഇവർക്കുണ്ടായിരുന്നു. പക്ഷേ റെഡ്ബുള്ളിനെപ്പോലൊരു ആസ്ട്രിയൻ കമ്പനി രൂപീകരിച്ച ക്ളബിനോട് ജർമ്മൻ ഫുട്ബാൾ അധികൃതർക്ക് താത്പര്യം ഉണ്ടായിരുന്നില്ല . റെഡ് ബുൾ എന്ന പേര് ക്ളബിന് മുന്നിൽ ചേർക്കാൻ അവർ നിയമതടസം വച്ചു. എന്നാൽ റെഡ് ബുൾ ഉണ്ടോ വിടുന്നു.അവർ റാസൻ ബാൾസ്പോർട്സ് ലെയ്പ്സിഗ് (ലാൺ ബാൾ ക്ളബ് ലെയ്പ്സിഗ് എന്ന് അർത്ഥം) എന്നൊരു പേരുണ്ടാക്കി അങ്ങ് രജിസ്റ്റർ ചെയ്തു. ലെയ്പ്സിഗിന് മുമ്പ് ആർ.ബി എന്നത് ഇനിഷ്യലായും രേഖപ്പെടുത്തി. ജർമ്മൻ ഫുട്ബാൾ അധികൃതർക്ക് മുന്നിൽ ആർ.ബി റാസൻ ബാൾസ്പോർട്സ് ആകുമ്പോൾ ഉടമകൾക്ക് അത് റെഡ്ബുൾ എന്നതിന്റെ ചുരുക്കെഴുത്തായി കാണാമെന്നതായിരുന്നു ഇതിലെ കൗതുകം. മദ്യക്കമ്പനികൾ മദ്യത്തിന്റെ പേരിട്ട് സോഡയുടെ പരസ്യം ചെയ്യുന്നപോലൊരു പരിപാടി.
ക്ളബ് തുടങ്ങുമ്പോൾ കിരീടങ്ങൾ നേടുക, പേരെടുക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളൊന്നും ഉടമകൾക്ക് ഉണ്ടായിരുന്നില്ല. ഒരു നഴ്സറി ഫുട്ബാൾ ക്ളബായിരുന്നു അവരുടെ ലക്ഷ്യം . സംഗതി സിംപിളാണ്, ചെറുപ്രായത്തിലുള്ള പ്രതിഭകളെ ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി പിടികൂടുക , അവർക്ക് പരിശീലനം നൽകി മികച്ച കളിക്കാരാക്കുക,പിന്നെ നല്ല വിലയ്ക്ക് മറ്റ് വലിയ ക്ളബുകൾക്ക് വിൽക്കുക. കേൾക്കുമ്പോൾ സിംപിളാണെങ്കിലും നല്ല വരുമാനമാണ്. ഇപ്പോൾ ലിവർപൂളിൽ കളിക്കുന്ന നാബി കെയ്തയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.ഫ്രഞ്ച് സെക്കൻഡ് ഡിവിഷനിൽ നിന്ന് ആർ.ബി സാൽസ്ബർഗാണ് കെയ്തയെ റിക്രൂട്ട് ചെയ്തത്. ലെയ്പ്സിഗിൽ പരിശീലനം നൽകി മികച്ച താരമാക്കി നല്ല വിലയ്ക്ക് ലിവർപൂളിന് വിറ്റു. ചാമ്പ്യൻസ് ലീഗ് സെമിയിൽ അത്‌ലറ്റിക്കോയ്ക്ക് എതിരെ സെൻട്രൽ ഡിഫൻഡറായി കളിച്ച ദായോട്ട് ഉപമെക്കാനോ അടുത്ത നാബി കെയ്ത്തയാണ്. ഫ്രാൻസിൽ നിന്നാണ് ഇദ്ദേഹത്തെയും കണ്ടെത്തിയത്. ഇപ്പോൾ വമ്പൻക്ളബുകളുമായി വിലപേശൽ നടക്കുന്നു.
വലിയ വിലകൊടുത്ത് താരങ്ങളെ വാങ്ങി കിരീടങ്ങൾ പിടിച്ചടക്കുക എന്ന ലക്ഷ്യമേ ലെയ്പ്സിഗിന് ഉണ്ടായിരുന്നില്ല. അത‌്ലറ്റിക്കോയ്ക്കെതിരെ കളിച്ച ലെയ്പ്സിഗ് ടീമിലെ ഏറ്റവും വിലയേറിയ താരം കെവിൻ കാംപ്ബെല്ലാണ്. 20 ദശലക്ഷം യൂറോയ്ക്കാണ് കെവിനെ ലെയ്പ്സിഗ് സ്വന്തമാക്കിയത്. അതേസമയം യുവ താരം യാവോ ഫെലിക്സിന് വേണ്ടി മാത്രം അത്‌ലറ്റിക്കോ കഴിഞ്ഞകൊല്ലം മുടക്കിയത് 126 ദശലക്ഷം യൂറോയും. അപ്പോൾപിന്നെ നെയ്മറും എംബാപ്പെയും ഡി മരിയയും ഒക്കെ കളിക്കുന്ന പാരീസിന് പണത്തിന് കാര്യത്തിൽ മൂക്കിൽ വലിക്കാൻ തികയില്ലല്ലോ ഈ ജർമ്മൻ ക്ളബ്.എന്നിട്ടും അവർ യൂറോപ്പിലെ എണ്ണം പറഞ്ഞ ടീമുകളിലൊന്നായി എന്നതിലാണ് അത്ഭുതം.
ജർമ്മൻ പുനരേകീകരണത്തിന് ശേഷം കിഴക്കൻ ജർമ്മനിയിലെ ക്ളബുകൾക്ക് രാജ്യത്ത് പൊതു സ്വീകാര്യത കുറവാണ് എന്നൊരു പ്രശ്നം ലെയ്പ്സിഗ് നേരിടുന്നുണ്ട്. റെഡ്ബുൾ ആസ്ട്രിയൻ കമ്പനിയായതിനാൽ പ്രത്യേകിച്ചും. എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗോടെ ഈ കുഞ്ഞുക്ളബിനെ അവഗണിക്കാൻ ആർക്കും കഴിയില്ലെന്നായിട്ടുണ്ട്.
കോച്ച് ഒരു കൊച്ചു പയ്യനാണ്
ആർബി ലൈപ്സിഗിന്റെ സെമി പ്രവേശനത്തോടെ അവരുടെ പരിശീലകൻ ജൂലിയൻ നാഗിൽസ്മാനും റെക്കാഡ് ബുക്കിൽ ഇടംപിടിച്ചു. 33 വയസ്സ് മാത്രം പ്രായമുള്ള നാഗിൽസ്മാൻ, യുവേഫ ചാംപ്യൻസ് ലീഗ് സെമിയിലെത്തുന്ന ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരേക്കാൾ പ്രായത്തിൽ ഇളയതാണ് നാഗിൽസ്മാൻ. ബുണ്ടസ് ലിഗയിൽ ഓസ്ബർഗ് എഫ്സിക്കു കളിക്കുമ്പോഴാണ് കാലിനേറ്റ പരുക്ക് നാഗിൽസ്മാന്റെ കരിയർ അവസാനിപ്പിച്ചത്. അന്ന് ഓസ്ബർഗിന്റെ പരിശീലകനായിരുന്നു ഇപ്പോഴത്തെ പാരീസ് കോച്ച് മൈക്കേൽ ടൂഹേൽ എന്നത് മറ്റൊരു കൗതുകം. കളമൊഴിഞ്ഞ ശേഷം 2016ൽ ഹോഫെനെയിമിന്റെ ചുമതലയുമായാണ് നാഗിൽസ്മാൻ പരിശീലക കരിയർ ആരംഭിക്കുന്നത്. 28–ാം വയസ്സിൽ ക്ലബ്ബിന്റെ ചുമതലയേറ്റ അദ്ദേഹം, ബുണ്ടസ്‌ലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
ബയേൺ മ്യൂണിക്ക്, ബൊറൂഷ്യ ഡോർട്മുണ്ട് എന്നീ ക്ലബ്ബുകൾക്ക് പുറമെ കഴിഞ്ഞ 10 വർഷത്തിനിടെ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്ന ആദ്യ ജർമൻ ക്ലബ്ബാണ് ലൈപ്സിഗ്.
അത്‍ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ജർമൻ ക്ലബ്ബിനോട് തോറ്റ് പുറത്താകുന്നത് ഇതാദ്യം. മുൻപ് മൂന്നു തവണയും ജർമൻ ക്ലബ്ബുകളെ നേരിട്ടപ്പോൾ അത്‍ലറ്റിക്കോ മുന്നേറി.
ആർബി ലൈപ്സിഗിനായി 28–ാം മത്സരം കളിച്ച അമേരിക്കൻ മിഡ് ഫീൽഡർ ടെയ്‌ലർ ആഡംസിന്റെ ആദ്യഗോളാണ് അത്‍ലറ്റിക്കോയ്‌ക്കെതിരെ പിറന്നത്.