ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി നഴ്‌സ് മെറിൻ ജോയി കൊല്ലപ്പെട്ട കേസിൽ ഭർത്താവ് ഫിലിപ് മാത്യുവിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കൊലക്കുറ്റം ഗ്രാന്റ് ജൂറി സാധൂകരിച്ചാൽ വധശിക്ഷ നല്‍കണം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ജൂലായ് 28ന് പുലർച്ചെയാണ് മെറിൻ ജോയി കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിംഗ് സ്ഥലത്തെത്തിയ മെറിനെ ഭർത്താവ് കുത്തിവീഴ്ത്തുകയും ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. അറസ്റ്റിലായ ഫിലിപ് മാത്യു ബ്രൊവാഡ് കൗണ്ടി ജയിലിൽ കഴിയുകയാണ്.
പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയിയുടെയും മേഴ്‌സിയുടെയും മൂത്തമകളായ മെറിൻ 2016ൽ വിവാഹത്തിനുശേഷമാണ് യു.എസിലേക്ക് പോയത്. നാലാം വിവാഹ വാർഷികത്തിന് രണ്ടു ദിവസം മുമ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് മോനിപ്പള്ളിയിലെ വീട്ടിലേക്ക് മെറിൻ വീഡിയോ കോൾ ചെയ്തിരുന്നു. മകൾ നോറയെയും കണ്ടു. പിന്നീട് കുടുംബം അറിയുന്നത് മരണവാർത്തയാണ്.