ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന് കോടതിയിൽ ആവശ്യം ഉന്നയിച്ചു. പ്രതി ആസൂത്രണം ചെയ്ത് കരുതിക്കൂട്ടിയാണ് കൃത്യം നടപ്പാക്കിയതെന്നും സ്റ്റേറ്റ് അറ്റോണി കോടതിയിൽ സമർപ്പിച്ച കത്തിൽ വ്യക്തമാക്കി. ഒന്നാം ഡിഗ്രി കൊലക്കുറ്റം ഗ്രാന്റ് ജൂറി സാധൂകരിച്ചാൽ പ്രതി ഫിലിപ്പ് മാത്യുവിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജൂലായ് 28 ന് പുലർച്ചെയാണ് മെറിന് ജോയി കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് സ്ഥലത്തെത്തിയ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യു കുത്തിവീഴ്ത്തുകയും ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. ഫിലിപ്പ്, നിലവിൽ ബ്രൊവാഡ് കൗണ്ടി ജയിലിലാണ് കഴിയുന്നത്. പിറവം സ്വദേശിയായ മെറിൻ 2016ൽ വിവാഹത്തിനുശേഷമാണ് യ ു.എസിലേക്ക് പോയത്. ഒരു മകളുണ്ട് നോറ.