മാഡ്രിഡ് : കൊവിഡിനെതിരെ കടുത്ത പോരാട്ടത്തിലാണ് ലോകം. ഇതിനിടയിൽ ഭീതിയുടെ നിഴൽ സൃഷ്ടിച്ച് മറ്റൊരു രോഗം കൂടി ഉടലെടുക്കുന്നു. വെസ്റ്റ് നൈൽ വൈറസ്. ! യൂറോപ്പിൽ കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച സ്പെയിനിലാണ് വെസ്റ്റ് നൈൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡലൂഷ്യ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന വെസ്റ്റ് നൈൽ കേസുകൾ ഭീതിയോടെയാണ് രാജ്യത്തെ ആരോഗ്യ വിദഗ്ദർ കാണുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മറ്റൊരു വൈറസ് വ്യാപനം കൂടി നേരിടേണ്ടി വരുമോ എന്നാണ് ആശങ്ക.
ആൻഡലൂഷ്യയിൽ മെനിഞ്ചോയെൻസെഫലിറ്റിസ് രോഗബാധയെ തുടർന്ന് ചികിത്സ തേടിയ 19 പേരിൽ 12 പേർക്കും വെസ്റ്റ് നൈൽ വൈറസ് പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആൻഡലൂഷ്യൻ സെന്റർ ഫോർ വൈറോളജിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രധാനമായും ക്യൂലക്സ് കൊതുകുകൾ പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ. ആൻഡലൂഷ്യയിൽ കൊതുകിനെ തുരത്താനായി പുകയ്ക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് അധികൃതർ അറിയിച്ചു. ചിലർക്ക് കടുത്ത പനി ഉണ്ടായിട്ടുണ്ട്. രോഗബാധിതരെല്ലാം ഐ.സി.യുവിൽ കഴിയുകയാണ്.
സ്പെയിനിൽ പുതിയ സ്പീഷിസിലെ കൊതുകിനെ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതുവഴിയാണോ രോഗം പടർന്നതെന്നും ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഡെങ്കി, ചിക്കുൻഗുനിയ, വെസ്റ്റ് നൈൽ എന്നീ രോഗങ്ങൾ പടർത്താൻ കഴിവുള്ളവയാണിവയെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. വെസ്റ്റ് നൈൽ വൈറസ് ബാധിച്ച പത്തിൽ എട്ട് പേർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടാകില്ല.
വൈറസ് ബാധിതരായ അഞ്ചിൽ ഒരാൾക്ക് തലവേദന, പനി, ശരീര വേദന, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാകും. വളരെ കുറഞ്ഞ ശതമാനം പേരിൽ മെനിഞ്ചൈറ്റിസ് തുടങ്ങിയവ അനുഭവപ്പെടാം. വെസ്റ്റ് നൈൽ ഭേദമായ ചിലരിൽ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ക്ഷീണം ചിലപ്പോൾ കണ്ടേക്കാം.
1937ൽ ഉഗാണ്ടയിലാണ് ആദ്യമായി വെസ്റ്റ് നൈൽ വൈറസിനെ കണ്ടെത്തിയത്. ശരിയായ വാക്സിൻ ഈ വൈറസിന് ഇതേവരെ കണ്ടെത്തിയിട്ടില്ല. പക്ഷികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ മറ്റും കൊതുകകളിലേക്ക് പടരുന്ന വൈറസ് മനുഷ്യരിലേക്ക് പടരാം.
നിലവിൽ 355,856 പേർക്കാണ് സ്പെയിനിൽ കൊവിഡ് സ്ഥിരീകരിച്ചത്. 28,605 പേർ മരിച്ചു. ശക്തമായ ലോക്ക്ഡൗണിലൂടെ വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ച സ്പെയിനിൽ ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കുടുന്നുണ്ട്. മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ നഗരങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.