പാരീസ് : വടക്ക് - കിഴക്കൻ ഫ്രാൻസിലെ ചാലർറേഞ്ചിൽ നദിയിൽ ആയിരക്കണക്കിന് മീനുകൾ ചത്തു പൊങ്ങിയ സംഭവത്തിൽ നെസ്‌ലെ ഫാക്ടറിയ്ക്കെതിരെ കേസ്. നെസ്‌ലെ ഫാക്ടറിയ്ക്ക് സമീപത്ത് കൂടി ഒഴുകുന്ന എയ്‌ൻ നദിയിലാണ് ടൺ കണക്കിന് മത്സ്യം ചത്തുപൊങ്ങിയത്. ജലത്തിലെ ഓക്സിജൻ കുറഞ്ഞതാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം. ഏത് തരത്തിലുള്ള മാലിന്യമാണ് ഇതിന് കാരണമായതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങി.
തുടർന്ന് നെസ്‌ലെ കമ്പനി നദിയിൽ മാലിന്യങ്ങൾ തള്ളി മലിനീകരണം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിലെ ഫിഷിംഗ് ഫെഡറേഷനാണ് പരാതി നൽകിയിരിക്കുന്നത്.
ഫാക്ടറിയ്ക്ക് സമീപത്തെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ വ്യതിയാനം സംഭവിച്ചതായി ഇവർ ചൂണ്ടിക്കാട്ടുന്നു. 3 ടണ്ണോളം ചത്ത മീനുകളെയാണ് ഫിഷിംഗ് ഫെഡറേഷൻ അധികൃതർ നീക്കം ചെയ്തത്. ഇതിൽ ഈൽ, ലാംപ്രെ തുടങ്ങിയ സംരക്ഷിത വിഭാഗങ്ങൾ ഉൾപ്പെടെ 14 ഓളം സ്പീഷിസുകളുണ്ടെന്നും അവർ പറയുന്നു. നെസ്‌ലെയുടെ പാൽപ്പൊടി നിർമിക്കുന്ന ഫാക്ടറിയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഫാക്ടറിയിലെ വേസ്റ്റ്‌വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും യാദൃശ്ചികമായി രാസവസ്തുക്കളുടെ സാന്നിദ്ധ്യമില്ലാത്ത ജൈവമാലിന്യങ്ങൾ പുറത്തേക്ക് ഒഴുകിയതായി ഫാക്ടറി അധികൃതർ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഉടൻ തന്നെ അപാകത പരിഹരിക്കുകയും ചെയ്തു. ഫാക്ടറിയുടെ പ്രവർത്തനവും നിറുത്തിവച്ചിരുന്നതായി അവർ വ്യക്തമാക്കി. നദി മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.