ജയ്‌പൂർ/ന്യൂഡൽഹി: സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഇടഞ്ഞു നിന്ന വിമതരെ അനുനയിപ്പിച്ച് മടക്കികൊണ്ടുവന്നതിന്റെ ബലത്തിൽ രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിശ്വാസവോട്ടെടുപ്പ് ജയിച്ചു. സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് വോട്ടെടുപ്പിലെ ജയമെന്ന് ഗെലോട്ട് പറഞ്ഞു. അതേസമയം നിയമസഭയിൽ സച്ചിൻ പൈലറ്റിന് പിന്നിൽ സീറ്റ് നൽകിയത് പുതിയ വിവാദത്തിന് തിരികൊളുത്തി.
ഇന്നലെ ചേർന്ന നിയമസഭാ സമ്മേളനത്തിൽ സ്വന്തം സർക്കാരിന്റെ ശക്തി തെളിയിക്കാൻ കോൺഗ്രസാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ചർച്ചയ്‌ക്കു ശേഷം ശബ്‌ദവോട്ടോടെ ഗെലോട്ട് ഭൂരിപക്ഷം തെളിയിച്ചു. 200 അംഗ നിയമസഭയിൽ സച്ചിൻ പൈലറ്റടക്കം 19 എം.എൽ.എമാരും തിരികെ എത്തിയതിനാൽ 107 അംഗങ്ങളുടെ പിന്തുണയുള്ള ഗെലോട്ട് സർക്കാരിന് ഭീഷണി ഒഴിവായിരുന്നു. ബി.ജെ.പിക്ക് സഭയിൽ 72 അംഗങ്ങളാണുള്ളത്. വിശ്വാസ വോട്ടെടുപ്പിന് ശേഷം സഭ 21വരെ പിരിഞ്ഞു.
വിശ്വാസവോട്ടെടുപ്പ് ജയിച്ചത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നവർക്കുള്ള ശക്തമായ സന്ദേശമാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. പ്രതിപക്ഷത്തിന്റെ കുൽസിത ശ്രമങ്ങൾ അതിജീവിച്ചാണ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേടിയതെന്ന് സച്ചിൻ പൈലറ്റും പറഞ്ഞു.
'നല്ല പോരാളികൾ അതിർത്തിയിൽ'
പിണക്കം മറന്ന് സർക്കാരിനൊപ്പം തിരിച്ചെത്തിയെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതിനാൽ സച്ചിൻ പൈലറ്റിന് ഇന്നലെ നിയമസഭ ചേർന്നപ്പോൾ ലഭിച്ചത് പിന്നിൽ പ്രതിപക്ഷ നിരയോട് ചേർന്ന സ്ഥലത്തെ ഇരിപ്പിടം. ബി.ജെ.പി അംഗങ്ങൾ ഇതു ചൂണ്ടിക്കാട്ടി പരിഹസിച്ചതിന് പുറകെ 'ശക്തനായ പോരാളികളെ അതിർത്തിയിലേക്ക് അയയ്ക്കുന്നു' എന്ന മുനവച്ച പ്രതികരണമായിരന്നു സച്ചിന്റേത്. സഭയ്ക്കു വെളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ എവിടെ ഇരിക്കുന്നു എന്നതിൽ കാര്യമില്ലെന്നും താനിപ്പോൾ സർക്കാരിന്റെ ഭാഗമല്ലെന്നും സച്ചിൻ പറഞ്ഞു. സച്ചിനും ഗെലോട്ടും കഴിഞ്ഞദിവസം കൈകൊടുത്ത് പിണക്കം മറന്നുവെന്ന് വ്യക്തമാക്കിയെങ്കിലും കാര്യങ്ങൾ ശരിക്കും സുഗമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായി ഇരിപ്പിട വിവാദം.