
മോസ്‌കോ: മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിനു മുമ്പ് കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്‌സ് കൗൺസിലിൽനിന്ന് മുതിർന്ന ഡോക്ടർ രാജിവച്ചു. പ്രൊഫസർ അലക്‌സാണ്ടർ ചച്ച്‌ലിനാണ് രാജിവച്ചത്.
സുരക്ഷ മുൻനിറുത്തി വാക്‌സിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഈ ഘട്ടത്തിൽ തടയണമെന്നാണ് അദ്ദേഹം വാദിക്കുന്നതെന്നാണ് വിവരം. ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വാക്‌സിൻ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന പ്രഖ്യാപനം തൊട്ടുപിന്നാലെ റഷ്യൻ ആരോഗ്യമന്ത്രി നടത്തി. അതിനിടെ, വാക്‌സിൻ നിർമ്മിക്കാൻ റഷ്യ തിടുക്കം കാട്ടുന്നുവെന്ന വിമർശനം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു.