കാഠ്മണ്ഡു : നേപ്പാളിലെ ഗോർക്ക ജില്ലയിലെ റൂയി ഗ്രാമത്തിലെ ചൈനീസ് കടന്നുകയറ്റത്തെ പറ്റി ലേഖനമെഴുതിയെ മാദ്ധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാളി ദിനപത്രമായ കാന്തിപൂർ ഡെയ്‌ലിയിലെ അസിസ്‌റ്റന്റ് എഡിറ്ററായ ബലറാം ബനിയ എന്ന 50 കാരനെയാണ് മാൻഡു മേഖലയിലെ ജലവൈദ്യുതനിലയത്തിന് സമീപം ബാഗ്‌മതി നദിയുടെ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച മുതൽ ബലറാമിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച ബാൽകു നദിയുടെ തീരത്ത് ഏകനായാണ് അവസാനമായി ഇയാളെ കണ്ടത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച് ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇവിടെ എത്തിയതിന് ശേഷം ബലറാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. രാഷ്ട്രീയപരമായ റിപ്പോർട്ടുകളിലായിരുന്നു ബലറാം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. റൂയി ഗ്രാമത്തിലെ ചൈനീസ് കടന്നുകയറ്റത്തെ പറ്റി ബലറാം തുടർച്ചയായി എഴുതിയ റിപ്പോർട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.